ന്യൂഡൽഹി: അഭ്യൂഹങ്ങൾക്കൊടുവിൽ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് രാജിവെച്ചു. ഗവർണറെ കണ്ട് അദ്ദേഹം രാജി സമർപ്പിച്ചു. പാർട്ടിയിൽ ഉടലെടുത്ത ആഭ്യന്തര കലഹത്തെ തുടർന്നാണ് രാജി. നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയുള്ള രാജി കൂടുതൽ പ്രതിസന്ധികൾ സൃഷ്ടിച്ചേക്കും. അമരീന്ദറിന്‍റെ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് 40 എംഎൽഎമാർ ഹൈക്കമാൻഡിന് കത്ത് നൽകിയിരുന്നു.
പിതാവ് വൈകീട്ട് രാജിവെക്കുമെന്ന് അമരീന്ദറിന്‍റെ മകൻ ശനിയാഴ്ച ട്വീറ്റ് ചെയ്തിരുന്നു. ശനിയാഴ്ച വൈകീട്ട് ചേർന്ന നിയമസഭ കക്ഷി യോഗത്തിന് പിന്നാലെയാണ് രാജി. പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് ഹൈക്കമാൻഡ് അമരീന്ദറിനോട് മാറിനിൽക്കാൻ നിർദേശിച്ചതെന്നാണ് സൂചന.
ഇത്രയും അപമാനങ്ങൾ സഹിച്ച് പാർട്ടിയിൽ തുടരാനാവില്ലെന്ന് അമരീന്ദർ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചിരുന്നു. ‘ഇത്തരത്തിലുള്ള അപമാനം സഹിച്ച് മതിയായി, മൂന്നാം തവണയാണ് ഇത് സംഭവിക്കുന്നത്. ഇത്തരം അപമാനങ്ങൾ സഹിച്ച് ഇനിയും പാർട്ടിയിൽ തുടരാനാകില്ല’ -അമരീന്ദർ സോണിയയെ അറിയിച്ചതായി അടുത്ത വൃത്തങ്ങൾ പറയുന്നു.
നിരവധി എംഎൽഎമാർ അമരീന്ദറിന്‍റെ മാറ്റം ആവശ്യപ്പെട്ട് നേരത്തേ തന്നെ രംഗത്തെത്തിയിരുന്നു. പുതിയ നേതൃത്വം സംസ്ഥാനത്ത് വേണമെന്നാണ് ആവശ്യം. കൂടാതെ നവ്ജ്യോത് സിങ് സിദ്ദുവും അമരീന്ദറിനെതിരെ പടയൊരുക്കം നടത്തിയിരുന്നു. സുനിൽ ജാക്കർ, മുൻ പഞ്ചാബ് കോൺഗ്രസ് തലവൻ പ്രതാപ് സിങ് ബജ്വ, രവ്നീത് സിങ് ബിട്ടു തുടങ്ങിയ പേരുകളാണ് പഞ്ചാബിലെ പുതിയ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്നത്.