ബെംഗളൂരു; ഒരു കുടുംബത്തിലെ അഞ്ചുപേരെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ബെംഗളൂരു ബ്യാദരഹള്ളി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ഭാരതി(51) മക്കളായ സിഞ്ചന(34) സിന്ദൂര(34) മധുസാഗര്‍(25) എന്നിവരും ഒമ്പത് മാസം പ്രായമുള്ള ആണ്‍കുഞ്ഞുമാണ് മരിച്ചത്. വീട്ടിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയ രണ്ടരവയസ്സുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാത്രിയാണ് അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരില്‍ മുതിര്‍ന്നവരായ നാലുപേരെയും വ്യത്യസ്ത മുറികളില്‍ തൂങ്ങിയനിലയിലാണ് കണ്ടെത്തിയത്. മൂന്നോ നാലോ ദിവസം മുമ്പാണ് ഇവരുടെ മരണം സംഭവിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വീടിന്റെ വാതിലുകളും ജനലുകളുമെല്ലാം അകത്തുനിന്ന് പൂട്ടിയനിലയിലായിരുന്നു. അതേസമയം, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.