ന്യൂഡൽഹി: കനയ്യ കുമാർ എവിടെയും പോകില്ലെന്നും രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ അസ്വാഭാവികതയില്ലെന്നും സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ. കനയ്യ സി പി ഐ വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ അനുനയിപ്പിക്കാൻ നീക്കം നടക്കുന്നതിന് പിന്നാലെയാണ് രാജയുടെ പ്രസ്താവന. സിപിഐ ആസ്ഥാനമായ അജോയ് ഭവനിൽ ഇന്നലെ രാത്രി ഡി രാജ കനയ്യയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
കനയ്യകുമാർ കോൺഗ്രസിലേക്കെന്ന അഭ്യൂഹം ശക്തമാണ്. കനയ്യ ചൊവ്വാഴ്ച രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.സിപിഐ ദേശീയ നിര്‍വ്വഹക സമിതി അംഗമായ കനയ്യ കുമാറിനെ കൊണ്ടുവരുന്നത് തങ്ങൾക്ക് ഗുണകരമാകുമെന്ന് കോൺഗ്രസും വിട്ടുപോകുന്നത് ഗുണം ചെയ്യില്ലെന്ന് സിപിഐയും കരുതുന്നു.
ജനപിന്തുണയുള്ള യുവ നേതാവായിട്ടും കനയ്യയും പാർട്ടിയും തമ്മിൽ ഉരസൽ നടന്നത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലാണ്. കഴിഞ്ഞ ലോക് സഭ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ ബെഗുസരായ് മണ്ഡലത്തില്‍ നിന്ന് മത്സരിച്ച കനയ്യ കുമാര്‍ ബിജെപിയിലെ ഗിരിരാജ് സിംഗിനോട് നാല് ലക്ഷത്തില്‍ പരം വോട്ടുകള്‍ക്ക് പരാജയപ്പെട്ടിരുന്നു.