യുനൈറ്റഡ് നേഷൻസ്: താലിബൻ പിടിച്ചെടുത്തതിന് പിന്നാലെ കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന അഫ്ഗാനിസ്താന് 120 കോടി ഡോളറിന്റെ സാമ്പത്തികസഹായം പ്രഖ്യാപിച്ച് ലോകരാജ്യങ്ങൾ . തിങ്കളാഴ്ച ജനീവയിൽ ചേർന്ന യുനൈറ്റഡ് നേഷൻസ് (യു.എൻ) അംഗരാജ്യങ്ങളുടെ ഉന്നത നേതൃതല യോഗത്തിലാണ് തീരുമാനമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.
യുദ്ധക്കെടുതിയിൽ മാനുഷികമായ പ്രതിസന്ധി അനുഭവിക്കുന്ന അഫ്ഗാൻ ജനതക്ക് സാമ്പത്തികസഹായം തുടരേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം യോഗത്തിൽ അടിവരയിട്ടു. ഭീകരവാദം, മനുഷ്യാവകാശം, താലിബാൻ സർക്കാറിന്റെ ഭരണസ്വഭാവം എന്നിവയിലെ ആശങ്കയും ലോകരാജ്യങ്ങൾ അഭിമുഖീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















