നമ്മുടെ അയൽസംസ്ഥാന മായ തമിഴ്നാട്ടിൽ മുത്തുവേൽ കരുണാനിധി സ്റ്റാലിൻ അധികാരം ഏറ്റെടുത്തിട്ട് 100ദിവസങ്ങൾ കഴിയുന്നു. ഇതിനോടകം തന്നെ സ്റ്റാലിന്റെ പ്രവർത്തനങ്ങളും സമീപനങ്ങളും ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ഇതിന് മുൻപ് ഭരിച്ച എല്ലാ മുഖ്യമന്ത്രിമാരിൽ നിന്നും വ്യത്യസ്ഥത പുലർത്തുകയാണ് സ്റ്റാലിൻ. ഒരു പക്ഷെ പിതാവ് മുതുവേൽ കരുണാനിധിയെക്കാൾ ഏറെ മുന്നിലാണ് ഇപ്പോൾ തന്നെ സ്റ്റാലിൻ
അഴിമതിക്കെതിരായ നിലപാടുകളാണ് സ്റ്റാലിൻ ആദ്യം സ്വീകരിച്ചത്. പതിറ്റാണ്ടുകളായി അഴിമതിയിൽ പൂർണമായും മുങ്ങി കുളിച്ച സർക്കാരുകളെയാണ് തമിഴ് മക്കൾക്ക് പരിചയം. കഴിഞ്ഞ സർക്കാരും അതിൽ നിന്ന് വ്യത്യസ്തമായിരുന്നില്ല. എന്നാൽ സ്റ്റാലിൻ അഴിമതിക്കെതിരെ കർശനനിലപാട് ആണ് സ്വീകരിച്ചിരിക്കുന്നത്. സ്വന്തം മന്ത്രി സഭയിലെ മന്ത്രിമാർക്ക് ഉൾപ്പെടെ മുന്നറിയിപ്പുകൾ നല്കികഴിഞ്ഞു. ഭരണ തലത്തിലെ അഴിമതി നിയന്ത്രിക്കാൻ സ്റ്റാലിനു കഴിഞ്ഞാൽ അത് വലിയ വിജയമായി തന്നെ കാണാം
സ്വന്തം മന്ത്രി സഭയിലെ മന്ത്രിമാരെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ കൃത്യമായ സമീപനമാണ് പുലർത്തിയത്. ഓരോ മേഖലയിലും പ്രാവീണ്യവും അറിവും ഉണ്ടെന്ന് തിരിച്ചറിഞ്ഞവരെയാണ് മന്ത്രിമാരാക്കിയത്. ഈ തെരഞ്ഞെടുപ്പ് തന്നെ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സ്വന്തം മകനെ പോലും മന്ത്രി സഭയിൽ ഉൾപെടുത്താൻ സ്റ്റാലിൻ തയ്യാറായില്ല
കോവിഡ് ബാധിച്ചവരെ സംരക്ഷിക്കാനുള്ള വലിയ പദ്ധതികളാണ് സ്റ്റാലിൻ അവീഷ്കരിച്ചത്. കോവിഡ് മൂലം ബുദ്ധിമുട്ടുന്നവർക്ക് കാർഡൊന്നിന് 4000രൂപ നൽകാൻ തീരുമാനിച്ചു സ്ത്രീകൾക്ക് ബസ്സുകളിൽ സൗജന്യ യാത്ര ഏർപ്പാടാക്കി. തമിഴ് നാട്ടിലെ സാധാരണക്കാരേ സംരക്ഷിക്കാനുള്ള നിരവധി പദ്ധതികൾ തയ്യാറാക്കി വരുന്നു. വിദ്യാഭ്യാസം, ആരോഗ്യം, തുടങ്ങിയ മേഖലകളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ജാതിക്കും മതത്തിനും നൽകുന്ന അമിത പ്രാധാന്യം അവസാനിപ്പിക്കാനുള്ള നിർദേശങ്ങൾ നൽകി കഴിഞ്ഞു. നിയമ സഭയിലും പുറത്തും മുഖ്യ മന്ത്രിയെ പുകഴ്ത്തി പ്രസംഗിക്കുന്ന രീതി അവസാനിപ്പിക്കാനും പറഞ്ഞു കഴിഞ്ഞു
ഈ കഴിഞ്ഞ നൂറു ദിവസം കൊണ്ട് ഇത് വരെ തമിഴ് മക്കൾ പരിചയിച്ചിട്ടില്ലാത്ത ക്രിയാത്മ നടപടികളാണ് നടപ്പാക്കികൊണ്ടിരിക്കുന്നത്. ഞാൻ ധരിച്ചിരിക്കുന്ന ഈ മുണ്ടും ഷർട്ടുമല്ലാതെ എനിക്കൊന്നും വേണ്ട എന്നാണ് സ്റ്റാലിൻ പറഞ്ഞിരിക്കുന്നത്. തമിഴ് നാട്ടിൽ പുതിയ കാലത്തിന്റെ പ്രകാശം കൊളുത്താൻ സ്റ്റാലിനു കഴിഞ്ഞു. ഈ വഴിതന്നെ തുടർന്നാൽ തമിഴ് മക്കൾക്ക് മോറ്റൊരു ആലോചനയിലേക്ക് കടക്കാനാവില്ല.