ഹോചിമിൻ സിറ്റി: കോവിഡ് ക്വാറന്റീൻ വ്യവസ്ഥകൾ തെറ്റിച്ച് രോഗം പരത്തിയതിന് വിയറ്റ്നാമിൽ യുവാവിന് അഞ്ച് വർഷം ജയിൽ ശിക്ഷ. മഹാമാരി പരത്തിയെന്ന കുറ്റത്തിന് 28കാരനായ ലെ വാൻ ട്രിയെയാണ് ശിക്ഷിച്ചത്.ട്രൈ രോഗം പരത്തിയ എട്ടു പേരിൽ ഒരാൾ മരിക്കുകയും ചെയ്തിരുന്നു. ജൂലൈ ആദ്യം ഹോ ചിമിൻ നഗരത്തിൽനിന്നും രാജ്യത്തിന്റെ തെക്ക് ഭാഗത്തുള്ള സ്വന്തം നാടായ കാ മൗ പ്രവിശ്യയിലേക്ക് ട്രി ബൈക്കിൽ യാത്ര ചെയ്തിരുന്നു. കാ മൗ ലെത്തിയ ട്രി തന്റെ യാത്രാ വിവരങ്ങൾ ആരോഗ്യപ്രവർത്തകരിൽനിന്നു മറച്ചുവയ്ക്കുകയും ക്വാറന്റൈൻ നിബന്ധനകൾ ലംഘിക്കുകയും ചെയ്തു.
മറ്റൊരു പ്രദേശത്തിൽനിന്നും എത്തുന്നവർക്ക് അടിയന്തരമായി 21 ദിവസം ക്വാറന്റൈൻ കാ മൗ ആരോഗ്യ വിഭാഗം നിർബന്ധമാക്കിയിരുന്നു. ഏതാനും ദിവസങ്ങൾക്കു ശേഷം ട്രിയ്ക്കു കോവിഡ് സ്ഥിരീകരിച്ചു. പിന്നാലെ കുടുംബാംഗങ്ങൾക്കും. അദ്ദേഹം സന്ദർശിച്ച വെൽഫെയർ സെന്ററിലെ ജീവനക്കാർക്കും കോവിഡ് ബാധിച്ചു.സംഭവത്തിൽ ട്രിയ്ക്കെതിരെ കേസെടുത്തു.
















