കാബൂള്‍: അഫ്ഗാനില്‍ അധികാരം പിടിച്ചെടുക്കാന്‍ താലിബാന് പാകിസ്ഥാന്റെ പിന്തുണ ഉണ്ടായിരുന്നുവെന്നുള്ള റിപ്പോര്‍ട്ട് പുറത്ത്. താലിബാന്‍ കടന്നുകയറ്റത്തിന്റെ ഭാഗമായി പാകിസ്ഥാന്‍ തീവ്രവാദികളുടെ വന്‍ തോതിലുള്ള സംഘം അഫ്ഗാനിസ്താനില്‍ എത്തിയിട്ടുണ്ടെന്ന് അഫ്ഗാന്‍ മുന്‍പ്രസിഡന്റ് അഷ്‌റഫ് ഘനി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്നാണ് വാര്‍ത്താഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
10,000 മുതല്‍ 15,000 വരെ പാകിസ്താന്‍ തീവ്രവാദികള്‍ അഫ്ഗാനില്‍ എത്തിയിട്ടുള്ളതായി കഴിഞ്ഞ ജൂലായ് 23-ന് ഇരു രാഷ്ട്രത്തലവന്‍മാരും തമ്മില്‍ നടന്ന ടെലഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാക്കിയിരുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
താലിബാന്‍ കാബൂള്‍ പിടിച്ചടക്കുന്നതിന് ആഴ്ചകള്‍ക്കു മുമ്ബായിരുന്നു ഇരു നേതാക്കളും തമ്മില്‍ സംഭാഷണം നടന്നത്. താലിബാന്റെ നേതൃത്വത്തിലുള്ള പൂര്‍ണതോതിലുള്ള അധിനിവേശമാണ് ഇപ്പോള്‍ അഫ്ഗാനിസ്താനിലുള്ളളതെന്ന് ഘനി ബൈഡനെ അറിയിച്ചിരുന്നു. പൂര്‍ണമായും പാകിസ്താന്റെ ആസൂത്രണത്തിലും ആയുധ ബലത്തിലുമാണ് ഇത് നടക്കുന്നത്. പാകിസ്ഥാനികളടക്കം പതിനായിരം മുതല്‍ പതിനയ്യായിരംവരെ അന്താരാഷ്ട്ര തീവ്രവാദികള്‍ ഇതില്‍ ഉള്‍പ്പെടുന്നതായും 14 മിനിട്ട് നീണ്ടുനിന്ന സംഭാഷണത്തില്‍ ഗനി പറഞ്ഞു. താലിബാനുള്ള പാകിസ്താന്‍ പിന്തുണ സംബന്ധിച്ച് ഇരു നേതാക്കളും തമ്മിലുള്ള ചര്‍ച്ചയില്‍ ഏറെ സംസാരിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.
താലിബാനെ ചെറുക്കുന്നതിന് അഫ്ഗിസ്താന്‍ ശ്രമംനടത്തുന്നുണ്ടെന്ന് ലോകത്തെ ബോധ്യപ്പെടുത്താനും അതിലൂടെ ജനങ്ങളുടെ കാഴ്ചപ്പാട് മാറ്റാനും ശ്രമിക്കണമെന്ന് ബൈഡന്‍ ഗനിയോട് ഉപദേശിക്കുകയും ചെയ്തു. അത്തരമൊരു പദ്ധതി അഫ്ഗാനിസ്താനുണ്ടെങ്കില്‍ അമേരിക്കയുടെ വ്യോമസഹായം നല്‍കാമെന്നും ബൈഡന്‍ ഉറപ്പുനല്‍കി.
ഇരു നേതാക്കളും തമ്മിലുള്ള സംഭാഷണം കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളിലാണ് താലിബാന്‍ കാബൂളിന്റെ നിയന്ത്രണം പിടിച്ചത്.
















