കാബൂൾ: അമേരിക്കൻ സൈനികർ പൂർണമായും അഫ്ഗാൻ വിട്ടു. അഫ്ഗാനിസ്ഥാനിലെ അമേരിക്കയുടെ ഏറ്റവും നീണ്ട യുദ്ധത്തിന് ഇതോടെ വിരാമം. താലിബാനെ ലോകത്തുനിന്ന് ഇല്ലാതെയാക്കാനെന്നു പറഞ്ഞ് അഫ്ഗാനിലെത്തിയ അമേരിക്ക അവരെത്തന്നെ ഭരണമേൽപ്പിച്ചാണ് ഇരുപത് വർഷത്തിനു ശേഷം മടങ്ങുന്നത്.
അമേരിക്കയുടെ സേനാ പിന്മാറ്റത്തിനായി ഓഗസ്റ്റ് 31 ആയിരുന്നു താലിബാൻ നൽകിയ അവസാന തീയതി. ഇതിന്റെ പശ്ചാത്തലത്തിലാണ് പിന്മാറ്റം. ഒഴിപ്പിക്കലും സേനാ പിന്മാറ്റവും പുരോഗമിക്കുന്നതിനിടെയിലും കഴിഞ്ഞ ആഴ്ച കാബൂൾ വിമാനത്താവളത്തിൽ ഐഎസ് ചാവേറാക്രമണം നടത്തിയിരുന്നു. ഇതിൽ 13 അമേരിക്കൻ സൈനികർ ഉൾപ്പെടെ 175 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയായിരുന്നു വിമാനത്താവളത്തിൽ ഒരുക്കിയിരുന്നത്.
കഴിഞ്ഞ 20 വർഷത്തിനുള്ളിൽ അഫ്ഗാനിസ്താനിൽ 2500-ഓളം വരുന്ന അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.അതേസമയം അഫ്ഗാനിസ്താനിൽ നിന്ന് 1,23,000 പേരെ രക്ഷപ്പെടുത്താനായെന്ന് അമേരിക്ക പറഞ്ഞു. ജൂലായിലാണ് അമേരിക്ക അഫ്ഗാനിസ്താനിൽ രക്ഷാ പ്രവർത്തനം ആരംഭിക്കുന്നത്. 4,400 അമേരിക്കൻ പൗരന്മാരടക്കമാണ് 1,23,000 പേരെ രക്ഷപ്പെടുത്താനായതെന്ന് അമേരിക്ക വ്യക്തമാക്കി.
















