തിരുവനന്തപുരം: അടുത്ത രണ്ടു ദിവസം കൂടി കേരളത്തിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ ആന്ധ്ര-ഒഡീഷ തീരത്തിനു സമീപം രൂപംകൊണ്ട ന്യൂനമർദമാണ് മഴ ശക്തമാക്കുന്നത്.
ന്യൂനമർദത്തിന്റെ പ്രഭാവത്താൽ കഴിഞ്ഞ രണ്ടു ദിവസമായി കേരളത്തിൽ ശക്തമായ മഴ തുടരുകയാണ്. ന്യൂനമർദത്തിനു സമീപത്തായി കഴിഞ്ഞ ദിവസം രൂപപ്പെട്ട അന്തരീക്ഷച്ചുഴിയും കേരള-കർണാട തീരത്ത് രൂപപ്പെട്ട ന്യൂനമർദ പാത്തിയും മഴ കൂടുതൽ ശക്തിപ്പെടുത്തും. അടുത്ത രണ്ടു ദിവസവും സംസ്ഥാനത്തുടനീളം ശക്തമായ മഴ പെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
വടക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ അതിശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഞായറാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.