കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂൾ അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്തുണ്ടായ ഇരട്ട സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഉയരുന്നു. ഏറ്റവും ഒടുവിൽ ലഭിച്ച വിവരം പ്രകാരം ഇതുവരെ മരിച്ചത് 110 പേരാണ്. 13 യു.എസ് സൈനികരും കൊല്ലപ്പെട്ടവരിലുൾപ്പെടും. വ്യാഴാഴ്ച വൈകീട്ടുണ്ടായ സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐ എസിന്‍റെ അഫ്ഗാനിലെ പ്രാദേശിക ഘടകമായ ഐ എസ് ഖൊറാസൻ ഏറ്റെടുത്തു.
സ്‌ഫോടനത്തിൽ 28 താലിബാൻ അംഗങ്ങൾ കൊല്ലപ്പെട്ടതായി ആരോഗ്യ അധികൃതർ പറഞ്ഞിരുന്നെങ്കിലും തങ്ങളുടെ ഭാഗത്തുള്ള ഒരാളും കൊല്ലപ്പെട്ടിട്ടില്ലെന്ന് താലിബാൻ വക്താവ് പിന്നീട് വ്യക്തമാക്കി.
അതേസമയം, ആക്രമണത്തിന് തക്കതായ തിരിച്ചടി നൽകുമെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ വ്യക്തമാക്കി. ആക്രമണത്തിന് ഉത്തരവാദികളായവരോട് പകരം വീട്ടുമെന്നും അഫ്ഗാനിൽനിന്നുള്ള ഒഴിപ്പിക്കൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഈ ആക്രമണം നടത്തിയവർക്കും അമേരിക്കയെ ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നവർക്കും ഒരു കാര്യം അറിയാം – ഞങ്ങൾ മറക്കില്ല, പൊറുക്കില്ല. ഞങ്ങൾ നിങ്ങളെ വേട്ടയാടും, പകരം വീട്ടുകയും ചെയ്യും -വൈറ്റ് ഹൈസിൽ നിന്നുള്ള പ്രസംഗത്തിൽ ബൈഡൻ വ്യക്തമാക്കി.
യുഎസ് സേനയുടെ നിയന്ത്രണത്തിലുള്ള മേഖല ലക്ഷ്യമിട്ടായിരുന്നു വ്യാഴാഴ്ച ഭീകരാക്രമണം. ഒഴിപ്പിക്കൽ ദൗത്യത്തിന്റെ തിരക്കിനിടയിൽ ഭീകരാക്രമണമുണ്ടാവുമെന്നും ആളുകൾ വിമാനത്താവളത്തിൽനിന്ന് ഒഴിഞ്ഞുപോകണമെന്നും യുഎസും ബ്രിട്ടനും മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് സ്ഫോടനം നടന്നത്. ആഗസ്റ്റ് 31നകം ഒഴിപ്പിക്കൽ ദൗത്യം പൂർത്തിയാക്കി വിദേശരാജ്യങ്ങൾ അഫ്ഗാൻ വിടണമെന്ന് താലിബാൻ അന്ത്യശാസനം നൽകിയതിനെ തുടർന്ന് കാബൂൾ വിമാനത്താവളത്തിൽ അഭൂതപൂർവമായ തിരക്കാണ് ദിവസങ്ങളായി അനുഭവപ്പെടുന്നത്.
















