കോഴിക്കോട്: കരിപ്പൂർ സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് മൂന്ന് പേർ പിടിയിൽ. കൊടുവള്ളി സംഘത്തില്‍പ്പെട്ട മുഖ്യപ്രതി കൊടുവള്ളി കിഴക്കോത്ത് ആവിലോറ സ്വദേശി പെരുച്ചാഴി ആപ്പു എന്ന പാറക്കല്‍ മുഹമ്മദ് (40), സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ വാവാട് ബ്രദേഴ്‌സ് ഗ്രൂപ്പ് തലവന്‍ റസൂഫിയാന്റെ സഹോദരന്‍ കൊടുവള്ളി വാവാട് സ്വദേശി തെക്കേക്കണ്ണി പോയില്‍ ജസീര്‍ (31), ഇവര്‍ക്ക് ഒളിവില്‍ കഴിയാനും ദില്ലിയിലെ രഹസ്യ സങ്കേതത്തിലേക്ക് കൊണ്ടുപോകാനും ശ്രമിച്ച കൊടുവള്ളി കിഴക്കോത്ത് അബ്ദുല്‍ സലീം (45)എന്നിവരെയാണ് കൊണ്ടോട്ടി ഡിവൈഎസ്പി കെ. അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
കോഴിക്കോട് വിമാനത്താവളം വഴി പ്രതികൾ സ്വർണ്ണ കള്ളക്കടത്ത് വ്യാപകമായി നടത്തിയിരുന്നുവെന്ന തെളിവിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.പ്രതികള്‍ ഗോവയിലേക്ക് കടന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് അന്വേഷണ സംഘം അവിടെ എത്തി. ഗോവന്‍ പോലീസിന്റെ സഹായത്തോടെ പിന്തുടര്‍ന്നെങ്കിലും കര്‍ണാടകയിലേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് കര്‍ണാടക പൊലീസിന്റെ സഹായത്തോടെ ബല്‍ഗാമില്‍ നിന്നാണ് ഇവരെ പിടികൂടിയത്. പ്രതികളെ ഇന്ന് രാവിലെയാണ് കൊണ്ടോട്ടിയില്‍ എത്തിച്ചത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആപ്പുവിനും സംഘത്തിനും എതിരെ കൊലപാതകശ്രമം, വഞ്ചന കേസുകള്‍ എന്നിവ നിലവിലുണ്ട്.

















