പത്തനംതിട്ട:അന്തരിച്ച എംവി നൗഷാദിന്റെ സംസ്കാരം വൈകിട്ട് നാലിന് തിരുവല്ലയിലെ മുത്തൂര്‍ ജുമാ മസ്ജിദില്‍ നടക്കും. തിരുവല്ല സിലിക്കോണിനു സമീപം മുത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ വൈകുന്നേരം നാലിനാണ് കബറടക്കം.മൃതദേഹം ഒന്നരയ്ക്ക് നൗഷാദ് പഠിച്ച തിരുവല്ല എസ്സിഎസ് ഹൈസ്കൂളിലെ അലക്സാണ്ടർ മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വയ്ക്കും. മൂന്നര വരെ ഇവിടെ അന്തിമോപചാരം അർപ്പിക്കാം.
സ്വകാര്യആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു നൗഷാദിന്റെ അന്ത്യം. ആന്തരിക അവയവങ്ങളിലെ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.പ്രമുഖ കേറ്ററിങ്, റസ്റ്ററന്റ് ശൃംഖലയായ ‘നൗഷാദ് ദ് ബിഗ് ഷെഫി’ന്റെ ഉടമയാണ്.സംവിധായകന് ബ്ലെസിയുടെ ആദ്യ ചിത്രമായ കാഴ്ച നിര്‍മിച്ചായിരുന്നു സിനിമാ നിര്‍മാണ രംഗത്തേക്ക് കടന്നുവന്നത്. ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളും അദ്ദേഹം നിര്‍മിച്ചു.

















