അഫ്ഗാനിസ്ഥാന് താലിബാന്റെ അധീനതയിലാകുമ്പോൾ അനിശ്ചിതത്വത്തിലായി അഫ്ഗാന്‍ ക്രിക്കറ്റിന്റെ ഭാവി. സമീപകാലത്ത് വളരെയധികം പിന്തുണ പിടിച്ചുപറ്റിയ ക്രിക്കറ്റ് ടീമിന്റെ ഭാവിയിലാണ് ഏറ്റവും വലിയ അനിശ്ചിതത്വം നിലനിൽക്കുന്നത്.
കായിക മത്സരങ്ങള്‍ക്ക് താലിബാന്‍ അനുമതി നല്‍കിയെങ്കിലും, താലിബാന്‍ ഭരണകൂടത്തിനോട് മറ്റ് രാജ്യങ്ങള്‍ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാട് നിര്‍ണായകമാകും. താലിബാനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിരിക്കുന്ന ലോക രാജ്യങ്ങൾ അഫ്ഗാൻ ടീമിനെ മത്സരങ്ങൾക്ക് ക്ഷണിക്കില്ലെന്ന് ഏതാണ്ട് ഉറപ്പാണ്. അങ്ങനെ വന്നാൽ താലിബാന്റെ അംഗീകാരം ലഭിച്ചാലും ടീമിന് അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയില്ല.
നിലവാരമുള്ള സ്റ്റേഡിയങ്ങള്‍ ഇല്ലാത്തതിനാൽ 2017 മുതല്‍ ഇന്ത്യയിലെ നോയിഡയാണ് അഫ്ഗാന്‍ ക്രിക്കറ്റിന്റെ ബേസ് ഗ്രൗണ്ട്. ബേസ് ഗ്രൗണ്ട് ഇന്ത്യയിലാണെങ്കിലും അന്താരാഷ്ട്ര പ്രതിസന്ധി രൂപപ്പെട്ടതിനാൽ ടീമിന്റെ ഭാവി ഇനി തീരുമാനിക്കേണ്ടത് താലിബാനായിരിക്കും. അഫ്ഗാനിസ്ഥാൻ താരങ്ങൾ ഐപിഎല്ലിൽ എത്തുമോയെന്നും വ്യക്തമല്ല. ഐപിഎല്ലിന് താരങ്ങളെ എത്തിക്കാൻ ബിസിസിഐ നേരിട്ട് ഇടപെട്ടേക്കുമെന്നും സൂചനയുണ്ട്. എന്നാൽ വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരം ഇതിനാവശ്യമായിരിക്കും.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തി ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ വലിയ പുരോഗതി നേടിയ ടീമാണ് അഫ്ഗാന്‍ ക്രിക്കറ്റ് ടീം. ഒരുപറ്റം ലോകോത്തര താരങ്ങളും അഫ്ഗാനിൽ നിന്ന് ഉണ്ടായി.
ട്വന്റി-20 നായകൻ റാഷിദ് ഖാൻ ഉൾപ്പെടെയുള്ള താരങ്ങൾക്ക് ഇന്ത്യയിൽ ധാരാളം ആരാധകരുണ്ട്. ഇവരുടെ ഭാവി ആശങ്കയിലാവുന്നത് ബിസിസിഐ പരിഗണിച്ചേക്കുമെന്നും സൂചനയുണ്ട്. റാഷിദിനെ കൂടാതെ മുഹമ്മദ് നബി, മുജീബ് റഹ്മാൻ എന്നിവർ നിലവിൽ ഐ.പി.എല്ലിന്റെ ഭാഗമാണ്. ഇതില്‍ റാഷിദ് ഖാനും മുഹമ്മദ് നബിയും നിലവില്‍ യു.കെയിലാണ്. ഇംഗ്ലണ്ട് പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിനൊപ്പമാവും ഒരുപക്ഷേ ഇവര്‍ ഐ.പി.എല്ലിനെത്തുക.
താരങ്ങളുടെ പ്രതികരണം
അഫ്ഗാനിസ്താനില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ലോക നേതാക്കള്‍ ഇടപെടണമെന്ന അഭ്യര്‍ഥനയുമായി അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ രംഗത്തെത്തിയിരുന്നു. താലിബാന്‍ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരപരാധികരളായ ആയിരക്കണക്കിന് ആളുകള്‍ മരിക്കുന്ന പശ്ചാത്തലത്തിലാണ് റാഷിദ് ഖാന്റെ അഭ്യര്‍ഥന.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpermalink.php%3Fstory_fbid%3D376471343838910%26id%3D100044281426914&show_text=true&width=500
‘പ്രിയപ്പെട്ട ലോകനേതാക്കളെ, എന്റെ രാജ്യം കലാപത്തിലാണ്. ഓരോ ദിവസവും കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ ഇവിടെ രക്തസാക്ഷികളാകുന്നു. വീടുകളും വസ്തുളുമെല്ലാം നശിച്ചുപോകുന്നു. ആയിരക്കണക്കിന് ആളുകള്‍ക്ക് വീടും നാടും ഉപേക്ഷിച്ച് പോകേണ്ടി വരുന്നു. ഞങ്ങളെ ഈ കലാപത്തില്‍ ഒറ്റപ്പെടുത്തരുത്. അഫ്ഗാനികളെ കൊല്ലുന്നത് അവസാനിപ്പിക്കൂ. ഞങ്ങള്‍ക്ക് സമാധാനം വേണം.’ -റാഷിദ് ഖാന്‍ ട്വീറ്റ് ചെയ്തു.
അഫ്ഗാനിസ്ഥാനിലെ ഭരണം താലിബാൻ പിടിച്ചടക്കിയതിൽ ടീം അംഗങ്ങൾക്ക് ഭയമുണ്ടെന്ന് ക്രിക്കറ്റ് താരം നവീനുൽ ഹഖ് പ്രതികരിച്ചിരുന്നു. ക്രിക്കറ്റിൽ ഇടപെടില്ലെന്ന് താലിബാൻ പറഞ്ഞിട്ടുണ്ടെങ്കിൽ അത് പൂർണമായും വിശ്വസിക്കാനാവില്ല. അഫ്ഗാനികൾക്ക് ക്രിക്കറ്റ് വെറും ഒരു ഗെയിം എന്നതിനപ്പുറമാണ് എന്നും അദ്ദേഹം പറഞ്ഞു. ബിബിസി റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് നവീനുൽ ഹഖിൻ്റെ പ്രതികരണം.
“താരങ്ങളുടെ കണ്ണുകളിലും ശബ്ദത്തിലുമൊക്കെ ഭയമുണ്ട്. അവരുടെ സന്ദേശങ്ങളിലും ഭയം കാണാം. കായികതാരങ്ങളെ ഒരു തരത്തിലും ഉപദ്രവിക്കില്ലെന്ന് താലിബാൻ പറഞ്ഞിട്ടുണ്ടെങ്കിലും, ആർക്കും ഒന്നുമറിയില്ല. ആളുകളെ സന്തോഷവാന്മാരാക്കുന്നത് ക്രിക്കറ്റാണ്. അത് അഫ്ഗാനിസ്ഥാന് വളരെ പ്രാധാന്യമുള്ള കാരണം. ക്രിക്കറ്റ് എന്നാൽ അഫ്ഗാൻ ജനതക്ക് ഒരു ഗെയിം മാത്രമല്ല. പ്രശ്നങ്ങളെപ്പറ്റി ഒന്നോരണ്ടോ മിനിട്ട് മറന്ന് ക്രിക്കറ്റ് മാത്രം ശ്രദ്ധിക്കും. പക്ഷേ, പ്രശ്നങ്ങൾ വീണ്ടും മനസ്സിലേക്കെത്തും. രാജ്യം ഇങ്ങനെ പ്രശ്നത്തിൽ നിൽക്കുമ്പോൾ എനിക്ക് ക്രിക്കറ്റ് മാത്രം ശ്രദ്ധിക്കാൻ കഴിയില്ല.”– അദ്ദേഹം പറഞ്ഞു.
വനിതാ ടീം പിരിച്ചുവിടുമോ?
പുരുഷ ടീം തുടരുന്നതിൽ താലിബാന് എതിർപ്പില്ലെന്നും വനിതാ ടീമിന്റെ കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അഫ്ഗാനിസ്താൻ ക്രിക്കറ്റ് ബോർഡ് മീഡിയ മാനേജർ ഹിക്മത് ഹസ്സനെ ഉദ്ധരിച്ചാണ് റിപ്പോർട്ടുകൾ പ്രചരിക്കുന്നത്.
ക്രിക്കറ്റുമായി ബന്ധപ്പെട്ട് താലിബാന് പ്രശ്‌നങ്ങൾ ഒന്നും തന്നെ ഇല്ലെന്ന് ഹിക്മത് പറയുന്നു. ഇതുവരെ തീരുമാനിക്കപ്പെട്ട കാര്യങ്ങളുമായി മുന്നോട്ട് പോകൻ താലിബാൻ അനുവാദം നൽകിയിട്ടുണ്ട്. അതുപ്രകാരം കാബൂളിൽ രണ്ട് പരിശീലന ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. പുരുഷ ക്രിക്കറ്റിന് പ്രശ്‌നങ്ങളൊന്നും തന്നെ നിലവിലില്ല. എന്നാൽ വനിതാ ക്രിക്കറ്റിന്റെ ഭാവിയിൽ അനിശ്ചിതത്വം തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.
അടുത്തിടെ 15 വനിതാ താരങ്ങൾക്ക് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് കരാർ നൽകിയിരുന്നു. ഇവരുടെ പ്രതിഫലവും നിശ്ചയിച്ചിരുന്നു. എന്നാൽ ഇവർക്ക് കളിക്കാൻ കഴിയില്ലെന്നാണ് സൂചന. രാജ്യത്തെ ഏറ്റവും സ്വീകാര്യതയുള്ള കായിക വിനോദമാണ് ക്രിക്കറ്റ്. ഭാവിയിൽ എന്താകുമെന്ന് അറിയില്ലെന്നും ഹിക്മത് കൂട്ടിച്ചേർത്തു.
അഫ്ഗാന്‍-പാക് പരമ്പര അനിശ്ചിതത്വത്തില്‍ ??
യുഎഇയില്‍ നടത്താനിരുന്ന അഫ്ഗാന്‍-പാക് ഏകദിന മത്സരങ്ങള്‍ ഐപിഎല്‍ ഒരുക്കം കാരണം ശ്രീലങ്കയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ പാകിസ്ഥാനില്‍ നടത്താനാണ് ഇപ്പോഴത്തെ തീരുമാനം. മൂന്ന് ഏകദിന മത്സരങ്ങളാണ് പരന്പരയിലുള്ളത്.
കാബൂളില്‍ നിന്ന് ശ്രീലങ്കയില്‍ എത്തിപ്പെടാനുള്ള പ്രയാസമാണ് പരമ്പര പാകിസ്ഥാനിലേക്ക് മാറ്റാന്‍ പ്രേരണയായത്. അഫ്ഗാന്‍ ഭരണം താലിബാന്‍ പിടിച്ചെടുത്ത ശേഷം ശ്രീലങ്കയിലേക്ക് വിമാനസര്‍വീസ് ആരംഭിച്ചിട്ടില്ല. മാത്രമല്ല, ശ്രീലങ്ക കൊവിഡ് കേസുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.
ഈ ആഴ്ച്ചയുടെ അവസാനം അഫ്ഗാനിസ്താന്‍ പാകിസ്ഥാനിലെത്തും. എന്നാല്‍ മത്സരവേദിയുടെ കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. സെപ്റ്റംബര്‍ മൂന്നിനാണ് പരമ്പര ആരംഭിക്കുക.
ഏകദിന പരമ്പരയ്ക്കായി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. രാജ്യം അശാന്തിയിലൂടെ കടന്നുപോവുകയാണെങ്കിലും താലിബാന്‍ ഭരണകൂടം ക്രിക്കറ്റിന് വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്നും വിമാനയാത്ര പുനരാരംഭിച്ചാല്‍ ടീം പാകിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കായി പുറപ്പെടുമെന്നും അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവി ഹമീദ് ഷിന്‍വാരി അറിയിച്ചു.