കോഴിക്കോട്: താലിബാനെതിരെ ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടതിന് മുസ്‌ലിം ലീഗ് നേതാവ് എം കെ മുനീറിന് ഭീഷണിക്കത്ത്. പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ ജോസഫ് മാഷിന്റെ അവസ്ഥ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ടൈപ്പ് ചെയ്ത കത്ത് തപാലിലാണ് ലഭിച്ചത്. പോലീസ് മേധാവിക്ക് ഭീഷണി കത്തിന്റെ പകർപ്പ് സഹിതം പരാതി നൽകിയെന്ന് എംകെ മുനീർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
എന്നാൽ പോസ്റ്റ് പിൻവലിക്കാൻ താൻ തയ്യാറല്ലെന്ന് എംകെ മുനീർ നിലപാടെടുത്തു. താലിബാൻ വിരുദ്ധ നിലപാടിൽ താൻ ഉറച്ചു നിൽക്കുന്നു. തീവ്രവാദത്തിന് എതിരെ ഇനിയും നിലപാട് എടുക്കും. സൈബർ ആക്രമണങ്ങൾ എപ്പോഴുമുണ്ടെന്നും പോലീസ് ഗൗരവമായി എടുക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. താലിബാന് മാറ്റം വന്നെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

















