ബെംഗളൂരു: പി ഡി പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയെ മുസ്ലിം ലീഗ് യൂത്ത് ലീഗ് നേതാക്കൾ സന്ദർശിച്ചു. ബംഗളൂരുവിലെ വീട്ടിലാണ് ലീഗ് നേതാക്കൾ സന്ദർശിച്ചത്. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, യൂത്ത് ലീഗ് ദേശീയ കമ്മറ്റി അംഗം ഷിബു മീരാന്‍, എം.കെ നൗഷാദ്, എം.എ അമീറലി, അബ്ദുല്‍ നാസര്‍ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.
വിചാരണത്തടവുകാരനായി നീണ്ട കാലം ജയിൽവാസം അനുഭവിച്ചതിന് ശേഷം ആരോഗ്യ പ്രശനങ്ങളെ തുടർന്ന് നിലവിൽ ജാമ്യത്തിലാണ് അബ്ദുന്നാസിർ മഅ്ദനി. ദീർഘനാളത്തെ ആശുപത്രിയിലെ ചികിത്സക്ക് ശേഷം അദ്ദേഹത്തെ വീട്ടിലേക്ക് മാറ്റുകയായിരുന്നു. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്ന അദ്ദേഹത്തിന് ചികിത്സ തുടരുന്നുണ്ട്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ മഅ്ദനിയെ സന്ദർശിച്ചിരുന്നു. എസ്.വൈ.എസ് ബംഗളൂരു ജില്ല ജനറൽ സെക്രട്ടറി പി.എം. അബ്ദുൽ ലത്തീഫ് ഹാജി, താഹിർ മിസ്ബാഹി, റമീസ് കമ്മനഹള്ളി, ശുക്കൂർ മൊയ്തു തുടങ്ങിയവരോടൊപ്പമായിരുന്നു ആലിക്കുട്ടി മുസ്ലിയാർ മഅ്ദനിയെ കണ്ടത്.

















