കൊല്ലം: കുണ്ടറ പീഡന പരാതി കേസിൽ മന്ത്രി എ.കെ. ശശീന്ദ്രന് പോലീസിന്റെ ക്ലീൻ ചിറ്റ്. മന്ത്രിക്കെതിരെ കേസെടുക്കാനാകില്ലെന്ന് ശാസ്താംകോട്ട ഡിവൈഎസ്പി ജില്ലാ റൂറൽ എസ്പിക്ക് റിപ്പോർട്ട് കൈമാറി.പീഡന പരാതി പിൻവലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടില്ല. “നല്ല നിലയിൽ പ്രശ്നം തീർക്കണം’ എന്നാണ് മന്ത്രി പറഞ്ഞതെന്നും പോലീസ് വ്യക്തമാക്കി.
കേസിൽ മന്ത്രി കുറ്റക്കാരനല്ലെന്ന് പോലീസിന് കഴിഞ്ഞ ദിവസം നിയമോപദേശം ലഭിച്ചിരുന്നു. പരാതിക്കാരിയുടെ അച്ഛനോട് “നല്ല നിലയിൽ പ്രശ്നം തീർക്കണം’ എന്നാണു മന്ത്രി പറഞ്ഞതെന്നും നിയമോപദേശത്തിൽ പറയുന്നു. ജില്ലാ ഗവൺമെന്റ് പ്ലീഡർ ആർ. സേതുനാഥൻപിള്ളയാണു ശാസ്താംകോട്ട ഡിവൈഎസ്പിക്കു നിയമോപദേശം കൈമാറിയത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ശാസ്താംകോട്ട ഡിവൈഎസ്പി ഇന്ന് റിപ്പോർട്ട് കൈമാറിയത്.
യൂത്ത് ലീഗ് നേതാവ് സഹൽ ആയിരുന്നു ഇതുസംബന്ധിച്ച് പരാതി നൽകിയത്. പരാതിക്കാരിയായ യുവതിയോട് മന്ത്രി സംസാരിച്ചിട്ടില്ല. അവരുടെ അച്ഛനോട് മാത്രമാണ് സംസാരിച്ചത്. ഇരയുടെ പേരോ മറ്റോ മന്ത്രി പരാമർശിച്ചിട്ടില്ലെന്നുമാണ് റിപ്പോർട്ട്.അന്വേഷണത്തിൽ സർക്കാർ ഇടപെടില്ലെന്ന് മന്ത്രി നേരത്തെ പ്രതികരിച്ചിരുന്നു.

















