കാബൂൾ: അഫ്ഗാൻ പൗരന്മാർ വിമാനത്താവളത്തിലേക്ക് പോകരുതെന്നും രാജ്യം വിടരുതെന്നും താലിബാൻ. സുരക്ഷ കണക്കിലെടുത്ത് ജോലിചെയ്യുന്ന സ്ത്രീകൾ വീടുകളിൽതന്നെ കഴിയണമെന്നും താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു. ഇത് താൽക്കാലിക നടപടിയാണെന്നും സുരക്ഷക്കുള്ള സംവിധാനങ്ങൾ നിലവിൽവരുന്നതുവരെയാണെന്നും അദ്ദേഹം വിശദീകരിച്ചു.
ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍ അടക്കമുളളവരെ രാജ്യത്തിനു പുറത്തേക്കു കൊണ്ടുപോകരുത്. ഒഴിപ്പിക്കല്‍ പ്രവർത്തനം അമേരിക്ക ഈ മാസം 31ന് പൂര്‍ത്തിയാക്കണം. കൂടുതൽ സാവകാശം നല്‍കില്ല. കാബൂള്‍ വിമാനത്താവളത്തില്‍ ആളുകള്‍ സംഘം ചേരുന്നതും സുരക്ഷാ പ്രശ്നങ്ങള്‍ ഒഴിവാക്കാനുമാണിതെന്നാണ് താലിബാന് വാദം.അഫ്ഗാനില്‍ ജനജീവിതം സാധാരണനിലയിലേക്ക് തിരികെ വരികയാണെന്ന് അവകാശപ്പെട്ട താലിബാൻ വക്താവ് , കാബൂള്‍ വിമാനത്താവളത്തിലെ തിരക്കും ബഹളവും ഒരു പ്രശ്നമായി അവശേഷിക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
















