തിരുവനന്തപുരം: സംസ്ഥാനത്തിന് 6,05,680 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 5,09,400 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 96,280 ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്. തിരുവനന്തപുരം 1,72,480, എറണാകുളം 2,00,530, കോഴിക്കോട് 1,36,390 എന്നിങ്ങനെ ഡോസ് കോവിഷീല്‍ഡ് വാക്‌സിനും തിരുവനന്തപുരം 32,600, എറണാകുളം 37,900, കോഴിക്കോട് 25,780 എന്നിങ്ങനെ ഡോസ് കോവാക്‌സിനുമാണെത്തിയത്. ഇതുകൂടാതെ കെ.എം.എസ്.സി.എല്‍. മുഖേന സംസ്ഥാനം വാങ്ങിയ 10 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിനും ലഭ്യമായിട്ടുണ്ട്.
വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് 3,13,868 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. 1,143 സര്‍ക്കാര്‍ കേന്ദ്രങ്ങളും 376 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 1519 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 2,65,82,188 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 1,95,36,461 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 70,45,727 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്.
2021ലെ പ്രൊജക്ടറ്റഡ് പോപ്പുലേഷന്‍ അനുസരിച്ച് 55.19 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 19.90 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 18 വയസിന് മുകളിലുള്ള ജനസംഖ്യയനുസരിച്ച് 68.07 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 24.55 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.
അതിനിടെ, വാക്സിനേഷന്‍ കുറഞ്ഞ ജില്ലകളില്‍ പരിശോധന വ്യാപകമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് അവലോകനയോഗത്തില്‍ നിര്‍ദേശിച്ചു. ഇടുക്കി, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ ബ്രേക്ക് ത്രൂ ഇന്‍ഫെക്ഷനുകള്‍ അഞ്ച് ശതമാനത്തില്‍ കൂടുതലായതിനാല്‍ ഈ ജില്ലകളില്‍ ജനിതക പഠനം നടത്താന്‍ ആരോഗ്യവകുപ്പിനോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു. വാക്സിനെടുത്ത ശേഷവും കോവിഡ് ബാധിക്കുന്നതിനെയാണ് ബ്രേക്ക് ത്രൂ ഇന്‍ഫെക്ഷന്‍ എന്ന് വിശേഷിപ്പിക്കുന്നത്.
വയനാട്, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ വാക്‌സിനേഷന്‍ നല്ലരീതിയില്‍ നടത്തിയതിനാല്‍ ഇവിടെ രോഗലക്ഷണമുള്ളവരെ മാത്രം പരിശോധിക്കും. മറ്റു ജില്ലകളില്‍ വ്യാപകമായ പരിശോധന നടത്തും. ആദ്യ ഡോസ് വാക്‌സിനേഷന്‍ എഴുപത് ശതമാനത്തില്‍ കൂടുതല്‍ പൂര്‍ത്തീകരിച്ച ജില്ലകള്‍ അടുത്ത രണ്ടാഴ്ച കൊണ്ട് വാക്‌സിനേഷന്‍ പൂര്‍ണമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.
നിലവില്‍ സംസ്‌ഥാനത്തിന്‍റെ പക്കല്‍ 16 ലക്ഷം സിറിഞ്ചുകള്‍ ലഭ്യമാണ്. കൂടുതല്‍ സിറിഞ്ചുകള്‍ ലഭ്യമാക്കാനും സമാഹരിക്കാനും നടപടിയെടുക്കും. പത്ത് ലക്ഷം വാക്‌സിന്‍ ഡോസുകള്‍ കെ.എം.എസ്.സി.എല്‍ നേരിട്ട് വാക്‌സിന്‍ ഉല്‍പ്പാദകരില്‍ നിന്ന് വാങ്ങിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളും മറ്റു സ്വകാര്യ സ്‌ഥാപനങ്ങളും വഴി ഇത് നല്‍കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.
ഓരോ തദ്ദേശ സ്‌ഥാപന അതിര്‍ത്തിയിലും എത്ര വാക്‌സിനേഷനുകള്‍ നടത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പിനോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

















