തിരുവനന്തപുരം:കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം ചേരും. ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാണ് യോഗം.രാവിലെ മന്ത്രി വീണ ജോർജിൻ്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിൻ്റെ അടിയന്തര യോഗവും ചേർന്ന് സംസ്ഥാനത്തെ സ്ഥിതി വിലയിരുത്തും. ഓൺലൈനായാണ് ഇരു യോഗങ്ങളും ചേരുക.
ഓണക്കാലത്തെ തിരക്ക് രോഗവ്യാപനത്തിനിടയാക്കിയെന്ന വിലയിരുത്തലിലാണ് ആരോഗ്യ വകുപ്പ്. അടുത്ത നാലാഴ്ച്ച സംസ്ഥാനത്ത് അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. ഇത് സംബന്ധിച്ച ശുപാർശകൾ ആരോഗ്യ വകുപ്പ് സർക്കാരിന് സമർപ്പിച്ചേക്കും. മൂന്നാം തരംഗ ഭീഷണിയുടെ സാഹചര്യത്തിൽ ഓണാവധി കഴിഞ്ഞ് സ്ഥാപനങ്ങളും ഓഫിസുകളും തുറക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.

















