കാബൂൾ: അഫ്ഗാനിസ്ഥാനിൽനിന്നു യു എസ് സേനയെ ഉടന്‍ പിൻവലിക്കണമെന്ന് താലിബാന്‍റെ മുന്നറിയിപ്പ്. സേനയെ പിന്‍വലിക്കാൻ ഓഗസ്റ്റ് 31നുശേഷം യുഎസിനു സമയം നീട്ടി നൽകില്ലെന്ന് താലിബാൻ അറിയിച്ചു.
രാജ്യത്തുനിന്നു സേനയെ പിൻവലിക്കാൻ വൈകിയാൽ പ്രത്യാഘാതങ്ങൾ ഉണ്ടാകും. രക്ഷാപ്രവർത്തനത്തിനായി യുഎസോ യുകെയോ കൂടുതൽ സമയം ആവശ്യപ്പെട്ടാൽ ഇല്ല എന്നായിരിക്കും ഉത്തരം. മറിച്ചാണെങ്കിൽ പ്രത്യാഘാതങ്ങൾ ഉണ്ടാകും– താലിബാൻ വക്താവ് സുഹൈൽ ഷഹീൻ രാജ്യാന്തര മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.
രക്ഷാദൗത്യത്തിനുള്ള തീയതി നീട്ടിവയ്ക്കണമെന്നു ജി7 വെർച്വൽ ഉച്ചകോടിയിൽ യുഎസിനോട് ആവശ്യപ്പെടുമെന്നു ബ്രിട്ടൻ പ്രതികരിച്ചിരുന്നു. പാശ്ചാത്യ രാജ്യങ്ങളിലെ പൗരൻമാരെയും അഫ്ഗാനിലെ സഹപ്രവർത്തകരെയും പൂർണമായി ഒഴിപ്പിക്കാന്‍ കൂടുതൽ സമയം വേണമെന്നാണു ബ്രിട്ടന്റെ വാദം.
ഓഗസ്റ്റ് 31ഓടെ യുഎസ് സേനയെ ഉപയോഗിച്ചുള്ള കാബൂളിലെ രക്ഷാദൗത്യം അവസാനിപ്പിക്കുമെന്നാണു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മുൻപു പ്രഖ്യാപിച്ചിരുന്നത്. അതിനിടെ അഫ്ഗാനിലെ രക്ഷാ ദൗത്യത്തിനു കൂടുതൽ സമയം വേണ്ടിവരുമെന്നു ഫ്രാൻസും പ്രതികരിച്ചു.
















