കാബൂള്‍: അഫ്‍ഗാനിസ്ഥാനിൽ കുടുങ്ങിയ കാസർകോട് സ്വദേശിയായ കന്യാസ്ത്രീ തെരേസ ക്രസ്റ്റയെ താജിക്കിസ്ഥാനിൽ എത്തിച്ചു. അമേരിക്കൻ സൈനിക വിമാനത്തിലാണ് ഇവരെ കാബൂളിൽ നിന്ന് താജിക്കിസ്ഥാനിൽ എത്തിച്ചത്.
രാവിലെ കാബൂൾ വിമാനത്താവളത്തിൽ എത്തിയ തെരേസ ക്രസ്റ്റ അടങ്ങുന്ന എട്ടംഗ സംഘം അമേരിക്കൻ വിമാനത്തിൽ താജിക്കിസ്ഥാനിലേക്ക് പോവുകയായിരുന്നു. ഇവർ താജിക്കിസ്ഥാനിൽ സുരക്ഷിതരായി എത്തിയതായി കന്യാസ്ത്രീയുടെ കുടുംബാംഗങ്ങൾക്കും വിവരം ലഭിച്ചിട്ടുണ്ട്.
ഇവരെ അടുത്ത ദിവസം തന്നെ ഇന്ത്യയിലേക്ക് എത്തിക്കും. ഇറ്റാലിയൻ സ്കൂളിലെ അധ്യാപിക ആയിരുന്നു കാസർഗോഡ് സ്വദേശിയായ സിസ്റ്റർ തെരേസ ക്രസ്റ്റ.
അതേസമയം, അഫ്‍ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി കൂടുതൽ വിമാനങ്ങൾ ചൊവ്വാഴ്ച എത്തുമെന്നാണ് വിവരം. താജിക്കിസ്ഥാനിലേക്ക് മാറ്റിയവർ ഉൾപ്പെടെ ഇക്കൂട്ടത്തിൽ ഉൾപ്പെടും. ഈ മാസം 15ന് താലിബാൻ കാബൂൾ കീഴടക്കിയത് മുതൽ ആരംഭിച്ച രക്ഷാ ദൗത്യമാണ് അന്തിമഘട്ടത്തിലേക്ക് അടുക്കുന്നത്.

















