കണ്ണൂർ: കാർഷിക വായ്പ ചോദിച്ചെത്തിയ യുവതിയോട് ലൈംഗിക ചുവയോടെ സംസാരിച്ച് സിപിഎം നേതാവ്. പിണറായി ഫാർമേഴ്സ് കോ ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ നിഖിൽ നരങ്ങോലിയാണ് പാർട്ടിക്കാരിയായ യുവതിയോട് മോശമായി പെരുമാറിയത്.
കഴിഞ്ഞ ആഴ്ചയാണ് സംഭവം. പിണറായി ഫാർമേഴ്സ് വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ലോണിനായി അപേക്ഷിച്ച യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. സൊസൈറ്റി സെക്രട്ടറിയായ നിഖിൽ നരങ്ങോലി ഫോണിൽ അർദ്ധരാത്രി വിളിച്ച് ലൈംഗിക ചുവയോടെ സംസാരിക്കുകയും വാട്സാപ്പിൽ നിരന്തരം മെസേജ് അയക്കുകയും ചെയ്തു. ശല്യം തുടർന്നതോടെ യുവതി ബന്ധുക്കളെയും കൂട്ടി സൊസൈറ്റിയിലെത്തി സെക്രട്ടറിയെ പരസ്യമായി ചോദ്യം ചെയ്തു.നടപടി എടുത്തില്ലെങ്കിൽ സൊസൈറ്റിക്ക് മുന്നിൽ നിരാഹാരം കിടക്കുമെന്ന് സൊസൈറ്റി പ്രസിഡന്റ് പി. ബാലനെ അറിയിച്ചതോടെ ജനറൽ ബോർഡി ചേർന്നു. നിഖിലിനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു.

















