തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകനയോഗം ബുധനാഴ്ച ചേരും. ഇന്ന് നടക്കാനിരുന്ന യോഗമാണ് മാറ്റിവച്ചത്.ഓണത്തിരക്കിന് പിന്നാലെ രോഗവ്യാപനം കൂടുമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തൽ. അതുകൊണ്ട് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെ കുറിച്ച് ആരോഗ്യ വകുപ്പ് ആലോചിക്കുന്നുണ്ട്.
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. മൂന്നു മാസത്തിനിടെ കഴിഞ്ഞ ദിവസം ടിപിആര്‍ 17 കടന്നു. മലപ്പുറം, കോഴിക്കോട്, തൃശൂര്‍, എറണാകുളം ജില്ലകളിലാണ് വ്യാപനം കൂടുതല്‍. ഓണത്തിരക്ക് കഴിഞ്ഞതോടെ വരും ദിവസങ്ങളില്‍ രോഗവ്യാപനം കൂടാനുള്ള സാധ്യത ആരോഗ്യ വകുപ്പ് മുന്നില്‍ കാണുന്നുണ്ട്. മറ്റന്നാള്‍ ചേരുന്ന അവലോകനയോഗം കോവിഡ് സാഹചര്യം വിലയിരുത്തും.
അതേസമയം സംസ്ഥാനത്ത് ഇന്നലെ 10,402 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 1577, കോഴിക്കോട് 1376, പാലക്കാട് 1133, എറണാകുളം 1101, തൃശൂര്‍ 1007, കണ്ണൂര്‍ 778, കൊല്ലം 766, ആലപ്പുഴ 644, തിരുവനന്തപുരം 484, കോട്ടയം 415, പത്തനംതിട്ട 338, ഇടുക്കി 275, വയനാട് 265, കാസര്‍ഗോഡ് 243 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 66 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,494 ആയി.

















