കോഴിക്കോട്: പി വി അന്‍വർ എംഎല്‍എ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാതെ ആഫ്രിക്കയില്‍ സ്വർണ ഖനനത്തിന് പോയത് ഗുരുതര ചട്ടലംഘനമെന്ന് കെ മുരളീധരന്‍ എംപി. അന്‍വറിന്‍റെ മോശം പ്രതികരണത്തില്‍ മുഖ്യമന്ത്രി മറുപറയണമെന്നും ജനങ്ങളോട് എംഎല്‍എയെകൊണ്ട് മാപ്പ് പറയിപ്പിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
അതേസമയം, യുഡിഎഫ് തന്നെ നിരന്തരം വേട്ടയാടുന്നുവെന്ന ആരോപണവുമായി പി വി അൻവർ എംഎൽഎ രംഗത്ത് വന്നിരുന്നു. ആഫ്രിക്കയിലേക്ക് പോയത് പാർട്ടി അനുമതിയോടെയാണെന്നും അൻവർ വ്യക്തമാക്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം നാട്ടിൽ നിൽക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഇപ്പോൾ ആഫ്രിക്കയിലെ സിയറ ലിയോണിൽ സ്വർണഖനനത്തിലാണ് എന്നും അദ്ദേഹം പറഞ്ഞു. നാട്ടിൽ അത്യാവശ്യം കച്ചവടവുമായി ജീവിച്ച് പോയിരുന്ന ഒരാളാണ് ഞാൻ. നിരന്തരം കള്ള വാർത്തകൾ നൽകി മാധ്യമങ്ങൾ അത് പൂട്ടിച്ചു. അതുകൊണ്ടാണ് എനിക്ക് അവിടെ നിന്ന് ആഫ്രിക്കയിൽ വരേണ്ടി വന്നത്. മാധ്യമങ്ങളാണ് തന്നെ നാടുകടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഞായറാഴ്ച പോലും പ്രർത്തിക്കുന്ന എംഎൽഎ ഓഫീസാണ് എന്‍റെത്. ഒരു മാസത്തിന് ശേഷമെ മടങ്ങി വരുകയുള്ളു പകരം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. കല്യാണങ്ങൾക്ക് പോകലും വയറുകാണലും നിശ്ചയത്തിന് പോയി ബിരിയാണികഴിക്കലും അല്ല എംഎൽഎയുടെ പണി. വോട്ട് നേടാൻ വേണ്ടി ഒരു കല്യാണത്തിനും ഞാൻ പോയിട്ടില്ല. പോവുകയുമില്ല – അദ്ദേഹം സ്വകാര്യ ചാനലിനോട് വ്യക്തമാക്കി.

















