കോഴിക്കോട്: എംഎസ്എഫ് സംസ്ഥാന പ്രസിഡൻറ് പി കെ നവാസിനെതിരായ പരാതിയിൽ ഹരിതയുടെ രണ്ട് സംസ്ഥാന നേതാക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പരാതി നൽകിയ മറ്റ് എട്ട് ഭാരവാഹികളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. ഇവരുടെ മൊഴിയും വൈകാതെ രേഖപ്പെടുത്തും. അന്വേഷണ ഉദ്യോഗസ്ഥ ചെമ്മങ്ങാട് ഇൻസ്പെക്ടർ അനിത കുമാരിയുടെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്.
എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്‍റ് അഡ്വ. ഫാത്തിമ തഹ്ലിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട് . ഹരിത നേതാക്കളുടെ പരാതി നേരിട്ട് കേൾക്കാൻ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം വിളിച്ച യോഗത്തിൽ ഫാത്തിമ തഹ്ലിയയും പങ്കെടുത്തിരുന്നു. ഈ പശ്ചാത്തലത്തിൽ സാക്ഷിയെന്ന നിലയിലാണ് ഫാത്തിമയുടെ മൊഴി രേഖപ്പെടുത്തിയത്.
എട്ടു പേരുടെ മൊഴി കൂടിയെടുത്ത ശേഷം മറ്റ് നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം. പി കെ നവാസ് അടക്കമുള്ള നേതാക്കൾക്കെതിരെ സംസ്ഥാന വനിത കമീഷന് ഹരിത സംസ്ഥാന ഭാരവാഹികൾ നൽകിയ പരാതിയിൽ കോഴിക്കോട് വെള്ളയിൽ പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

















