കാബൂൾ: താലിബാൻ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെ വിട്ടയച്ചുവെന്ന് റിപ്പോർട്ട്. എല്ലാവരും സുരക്ഷിതരാണെനാണ് വിവരം. അതേസമയം, അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കാന്‍ കൂടുതൽ വിമാനങ്ങൾ ഇന്ത്യ എത്തിക്കും. മടങ്ങിയെത്താനുള്ള ഇന്ത്യക്കാരെ വിമാനത്താവളത്തിൽ എത്തിച്ചു. കുടുങ്ങിയ എല്ലാവരെയും വിമാനത്താവളത്തിൽ എത്തിക്കാനാണ് ശ്രമം.
അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിന് അകത്തേക്ക് കയറാനെത്തിയ ചിലരെ താലിബാൻ ബലമായി പിടിച്ചുമാറ്റിയെന്നായിരുന്നു റിപ്പോർട്ടുകള്‍. ഇവരെ താലിബാൻ നിയന്ത്രണത്തിലുള്ള കേന്ദ്രത്തിലേക്ക് കൊണ്ടുപോയി എന്നാണ് വിവരം. എന്നാൽ ഈ റിപ്പോർട്ടുകളെല്ലാം താലിബാൻ നിഷേധിച്ചിരുന്നു. ഇന്ത്യക്കാരെ തട്ടിക്കൊണ്ട് പോയിട്ടില്ലെന്നാണ് താലിബാൻ പറയുന്നത്. വിമാനത്താവളത്തിന് പുറത്തെ സ്ഥിതി നിയന്ത്രിക്കാനാണ് ശ്രമം എന്നും താലിബാൻ വക്താവ് പറയുന്നു. ഇരുന്നൂറോളം ഇന്ത്യക്കാർ വിമാനത്താവളത്തിന് പുറത്ത് കുടുങ്ങിക്കിടക്കുകയാണ് എന്ന് നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നു.
അതേസമയം, അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യ വീണ്ടും ഒഴിപ്പിക്കൽ തുടങ്ങിയിട്ടുണ്ട്. ഇന്ത്യക്കാരുമായി ഒരു വ്യോമസേനാ വിമാനം അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ഹമീദ് കർസായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുപൊങ്ങിയെന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ട്. 85 യാത്രക്കാരാണ് ഈ വിമാനത്തിലുള്ളതെന്നാണ് സൂചന. ഇന്ധനം നിറയ്ക്കാൻ ഈ വ്യോമസേനാ വിമാനം നിലവിൽ താജിക്കിസ്ഥാനിൽ ഇറങ്ങിയിട്ടുണ്ട്. മണിക്കൂറുകൾക്കുള്ളിൽ ഈ വിമാനം ഇന്ത്യയിലെത്തും.
















