ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള അഫ്ഗാനിസ്ഥാന്‍റെ എല്ലാ വ്യാപാരബന്ധവും താലിബാൻ മരവിപ്പിച്ചതായി റിപ്പോർട്ടുകൾ. എന്നാല്‍ ഇത് തള്ളി താലിബാന് രംഗത്തെത്തി. അഫ്ഗാന്റെ പുതിയ വ്യാപാര ബന്ധങ്ങള്‍ സംബന്ധിച്ച് പ്രചരിക്കുന്ന കിംവദന്തികള്‍ തെറ്റാണെന്നും താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് വ്യക്തമാക്കി.
എല്ലാ ലോകരാജ്യങ്ങളുമായും മികച്ച നയതന്ത്ര, വ്യാപര ബന്ധമാണ് ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താന്‍ ആഗ്രഹിക്കുന്നത്. ഒരു രാജ്യവുമായും വ്യാപാര ബന്ധം അവസാനിപ്പിക്കുമെന്ന് പറഞ്ഞിട്ടില്ല. ഇതുസംബന്ധിച്ച പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും സബീഹുള്ള ട്വീറ്റ് ചെയ്തു.
ഇന്ത്യയുമായുള്ള വ്യാപാര ബന്ധം താലിബാന്‍ അവസാനിപ്പിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് താലിബാന്റെ വിശദീകരണം. പാകിസ്താന്‍ വഴി ഇന്ത്യയുമായുള്ള എല്ലാ ഇറക്കുമതിയും കയറ്റുമതിയും താലിബാന്‍ നിര്‍ത്തിയതായി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. അജയ് സഹായിയെ ഉദ്ധരിച്ച് എഎന്‍ഐ ആണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
ഇന്ത്യയിൽ നിന്ന് പ്രതിവർഷം 6000 കോടി രൂപയുടെ ഉൽപന്നങ്ങളാണ് അഫ്ഗാനിലേക്ക് അയച്ചിരുന്നത്. അഫ്ഗാനിൽ നിന്ന് മൂവായിരത്തി അഞ്ഞൂറ് കോടിയുടെ ഇറക്കുമതിയും നടന്നിരുന്നു. വ്യോമമാർഗ്ഗത്തിനൊപ്പം പാകിസ്ഥാൻ വഴി റോഡ് മാർഗ്ഗവും ചരക്കു നീക്കം തുടർന്നിരുന്നു.
















