കാബൂൾ: അഫ്ഗാനിസ്ഥാനിലെ അസാദാബാദിൽ താലിബാനെതിരായ പ്രതിഷേധത്തിന് നേരെയുണ്ടായ വെടിവെപ്പിൽ രണ്ട് മരണം. സ്ത്രീകൾ ഉൾപ്പെടെ പ്രതിഷേധത്തിൽ പങ്കെടുത്തു. മരിച്ചവരിൽ ഒരാൾ പതാകയേന്തിയ സ്ത്രീയാണ്. രാജ്യത്തെ സ്ഥിതിഗതികൾ ഗുരുതരമാണെന്നും മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്.
അതിനിടെ ഇന്ത്യക്കും അഫ്ഗാനുമിടയിലെ വ്യാപാരം താലിബാൻ തടഞ്ഞു. റോഡ് മാർഗ്ഗമുള്ള വ്യാപാരവും താലിബാൻ വിലക്കി. ഇന്ത്യയിൽ നിന്ന് പ്രതിവർഷം 6000 കോടി രൂപയുടെ ഉൽപന്നങ്ങളാണ് അഫ്ഗാനിലേക്ക് അയച്ചിരുന്നത്. അഫ്ഗാനിൽ നിന്ന് മൂവായിരത്തി അഞ്ഞൂറ് കോടിയുടെ ഇറക്കുമതിയും നടന്നിരുന്നു. വ്യോമമാർഗ്ഗത്തിനൊപ്പം പാകിസ്ഥാൻ വഴി റോഡ് മാർഗ്ഗവും ചരക്കു നീക്കം തുടർന്നിരുന്നു. എന്നാൽ റോഡ് മാർഗ്ഗമുള്ള നീക്കം പൂർണ്ണമായും നിറുത്തിവയ്ക്കാനാണ് താലിബാൻ ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്നത്.
അതിനിടെ അഫ്ഗാനിസ്ഥാനിൽ നിന്ന് 400 പേരെക്കൂടി ഒഴിപ്പിക്കാൻ ഇന്ത്യ അമേരിക്കൻ സഹായം ആവശ്യപ്പെട്ടു. ആദ്യ പരിഗണ കുടുങ്ങിക്കിടക്കുന്ന എല്ലാവരെയും തിരികെ എത്തിക്കുക എന്നതിനാണെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
















