മലപ്പുറം: മുസ്ലിം ലീഗിന്റെ വനിതാ വിദ്യാർത്ഥി സംഘടനായ ഹരിത സംസ്ഥാന സമിതിയുടെ പ്രവർത്തനം മരവിപ്പിച്ച് മുസ്ലീംലീഗ് നേതൃത്വം. വനിത കമ്മീഷന് നല്‍കിയ പരാതി ഹരിത നേതാക്കള്‍ പിന്‍വലിക്കാത്ത സാഹചര്യത്തിലാണ് നടപടി. ഗുരുതര അച്ചടക്കലംഘനം ഹരിതയിൽ നിന്നുണ്ടായെന്ന് ആരോപിച്ചാണ് മുസ്ലീം ലീഗിൻ്റെ നടപടി. മുസ്ലീംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഹരിത നേതാക്കൾക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പി.കെ.നവാസ്, മലപ്പുറം ജില്ലാ പ്രസിഡൻ്റ് കബീർ മുതുപറമ്പ്, ജനറൽ സെക്രട്ടറി വി.എ.വഹാബ് എന്നിവരോട് വിശദീകരണം തേടിയതായും പിഎംഎ സലാം അറിയിച്ചു. ലൈംഗീക അധിക്ഷേപമടക്കമുള്ള പരാതികൾ ഉന്നയിച്ച വനിതാ പ്രവര്‍ത്തകര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കുന്നതില്‍ ലീഗിനുള്ളിൽ തന്നെ അമർഷം പുകയുന്നതിനിടെയാണ് എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയുടെ പ്രവർത്തനം തന്നെ ലീഗ് തത്കാലം നിർത്തിവയ്ക്കുന്നത്.
വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കാനുളള അന്ത്യശാസനവും ഹരിത നേതാക്കള്‍ അവഗണിച്ചതോടെയാണ് കടുത്ത നടപടിയെന്ന തീരുമാനത്തിലേക്ക് ലീഗ് നേതാക്കള്‍ എത്തിയത്. ഇന്ന് രാവിലെ 10 മണിക്കകം പരാതി പിൻവലിക്കണമെന്നായിരുന്നു ലീഗ് നേതൃത്വത്തിന്‍റെ ആവശ്യം. നിലവിലുളള ഹരിത നേതൃത്വം കഴിഞ്ഞ രണ്ട് വര്‍ഷമായി തുടരുന്നതു കൂടി പരിഗണിച്ച് ഹരിത സംസ്ഥാന സമിതി പിരിച്ചുവിടണമെന്ന ധാരണയിലാണ് പാര്‍ട്ടി നേതൃത്വം ഉളളതെങ്കിലും നടപടിക്കെതിരെ ഒരു വിഭാഗം മുതിര്‍ന്ന നേതാക്കൾ രംഗത്തെത്തി.

















