കണ്ണൂർ പയ്യന്നൂരിലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണത്തിൽ ചികിത്സാ പിഴവ് സ്ഥിരീകരിച്ചുകൊണ്ട് സംസ്ഥാന തല വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ തുടർനടപടികളിലേക്ക് കടന്ന് പൊലീസ്.
പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ചികിത്സയിലാണ് ഗുരുതര വീഴ്ചയുണ്ടായതെന്ന് ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി കണ്ടെത്തിയിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ കൂടുതൽ ഡോക്ടർമാരെ പ്രതിചേർക്കണോ എന്ന കാര്യത്തിൽ പൊലീസ് ഉടൻ അന്തിമ തീരുമാനമെടുക്കും.
കേസിൽ അനസ്തീഷ്യ നൽകിയ ഡോക്ടറെ മാത്രമാണ് നിലവിൽ പ്രതിചേർത്തിട്ടുള്ളതെങ്കിലും, പീഡിയാട്രിഷ്യൻ, പ്ലാസ്റ്റിക് സർജൻ എന്നിവരെക്കൂടി പ്രതിപട്ടികയിൽ ഉൾപ്പെടുത്തണമെന്നാണ് കുട്ടിയുടെ കുടുംബത്തിന്റെ ശക്തമായ ആവശ്യം.
കളിമണ്ണിൽ വീണ് ചുണ്ടിന് ചെറിയ മുറിവേറ്റതിനെ തുടർന്ന് കുട്ടിക്ക് സ്റ്റിച്ച് ഇടാനായി അനസ്തീഷ്യ നൽകിയതിന് പിന്നാലെയായിരുന്നു കുട്ടി ബോധരഹിതനായത്. തുടർന്ന് ഗുരുതരാവസ്ഥയിലായ കുട്ടി ഒരാഴ്ചയോളം ചികിത്സയിൽ കഴിഞ്ഞെങ്കിലും ജൂലൈ 10-ഓടെ മരണപ്പെടുകയായിരുന്നു.
ആശുപത്രിയിൽ ചികിത്സാ പിഴവ് നടന്നിട്ടുണ്ടെന്നായിരുന്നു വിഷയം ആദ്യം പരിശോധിച്ച ജില്ലാതല വിദഗ്ധ സമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടത്. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ സംസ്ഥാന തല സമിതിയും ചികിത്സാ വീഴ്ച വ്യക്തമാക്കുന്ന നിർണായക റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.















