കാബൂൾ: താലിബാൻ നിയന്ത്രണം ഏറ്റതിന് പിന്നാലെ കാബൂളിലെ ഇന്ത്യൻ എംബസി അടച്ചു. നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യയിലേക്ക് എത്തിക്കാൻ നടപടികൾ പുരോഗമിക്കുകയാണ്. ഉദ്യോഗസ്ഥരെ എംബസിയിൽ നിന്നും ഒഴിപ്പിച്ചു തുടങ്ങി. 120 ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി വ്യോമസേനയുടെ സി-17 വിമാനം ഇന്ത്യയിലേക്ക് തിരിച്ചു. നിലവിൽ കാബുൾ വിമാനത്താവളത്തിന്റെ നിയന്ത്രണം യുഎസ് സൈന്യം ഏറ്റെടുത്തിരിക്കുകയാണ്. ഇതോടെയാണ് യുഎസ് സഹായം ഇന്ത്യ തേടിയത്.
അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ കേന്ദ്ര ആഭ്യന്ത്രമന്ത്രാലയവും വിലയിരുത്തി. ഇന്ത്യയിലേക്ക് അടിയന്തരമായി പ്രവേശിക്കുന്നതിന് ഇ-എമര്‍ജന്‍സി എക്സ് മിസ്ക് വിസ സംവിധാനം ഏര്‍പ്പെടുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.അടിയന്തരഘട്ടം നേരിടാന്‍ സജ്ജമായിരിക്കാന്‍ വ്യോമസേനയ്ക്കും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അഫ്ഗാനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ അമേരിക്കയുടെ സഹായവും കേന്ദ്രസര്‍ക്കാര്‍ തേടിയിട്ടുണ്ട്. താലിബാനുമായി ബന്ധപ്പെടാനും ഇന്ത്യന്‍ എംബസി ശ്രമിക്കുന്നുണ്ട്.
















