തിരുവനന്തപുരം: മദ്യവിൽപ്പനശാലകളിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മദ്യത്തിന് ഓണ്‍ലൈന്‍ പേയ്മെന്‍റ് സംവിധാനമൊരുക്കുകയാണ് ബെവ്കോ . ഇന്ന് മുതൽ പുതിയ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുമെന്ന് ബെവ്കോ അധികൃതർ വ്യക്തമാക്കി. തിരുവന്തപുരത്തും കോഴിക്കോടുമായി രണ്ട് ഔട്ട്ലെറ്റുകളില്‍ ആണ് പരീക്ഷണം. booking.kabc.co.in എന്ന ലിങ്ക് വഴി ഓണ്‍ലൈന്‍ ബുക്കിംഗ് നടത്താം.
ഇതിന് ഉപഭോക്താക്കൾ മൊബൈൽ നമ്പർ നൽകി ഒ.റ്റി.പി വെച്ച് രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. അതിനു ശേഷം പ്രൊഫൈൽ ക്രിയേറ്റ് ചെയ്യാൻ പേരും ഇ-മെയിൽ ഐഡിയും ജനനത്തീയതിയും പാസ് വേഡും നൽകണം.ഇത് നൽകിയ ശേഷം ആപ്ളിക്കേഷൻ വഴി ഉപഭോക്താക്കൾക്ക് വേണ്ട ജില്ലയും ചില്ലറ വിൽപനശാലയും അവിടെ ലഭ്യമായ മദ്യ ഇനങ്ങളുടെ വിവരങ്ങളും ലഭ്യമാകും. ആവശ്യമുള്ളത് തിരഞ്ഞെടുത്ത് പണമടച്ച ശേഷം ഔട്ട്ലെറ്റില്‍ നിന്ന് മദ്യം വാങ്ങാവുന്നതാണ്.

















