ഇന്ന് ചിങ്ങം ഒന്ന്. സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും വരവറിയിച്ച് പൊന്നോണം വിരുന്നെത്തുന്ന മാസത്തിലെ ആദ്യ ദിനം. ആശങ്കകള്‍ ഏറെ ഉണ്ടെങ്കിലും പ്രതീക്ഷയോടെ പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് കര്‍ഷകര്‍.
കാർഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകളാണ് ഓരോ മലയാളികളുടെയും മനസിൽ ചിങ്ങമാസം ഉണർത്തുന്നത്. കൊല്ലവർഷത്തിലെ ആദ്യ മാസമാണ് ചിങ്ങം. ചിങ്ങ മാസത്തെ മലയാള ഭാഷാ മാസം എന്നും അറിയപ്പെടുന്നു. മാത്രമല്ല കേരളീയർക്ക് ചിങ്ങം 1 കർഷക ദിനം കൂടിയാണ്.
മലയാളിയുടെ സങ്കല്പത്തിലെ ചിങ്ങമാസം വര്‍ണങ്ങളുടേതാണ്. തുമ്പയും, മുക്കുറ്റിയും തുടങ്ങി, കേരളമൊന്നാകെ പുഷ്പ്പിച്ചു സുഗന്ധം പരത്തി മാവേലി തമ്പുരാനെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങുന്ന മാസം. എല്ലാം സങ്കല്‍പം മാത്രമാണിന്ന്. ദുരിതങ്ങള്‍ മാത്രം മലയാളിയില്‍ തിമിര്‍ത്തു പെയ്യുംമ്പോഴും തല്‍ക്കാലത്തേക്കെങ്കിലും ഇതെല്ലാം മറന്ന്, ഇത്തവണയും ഓണം ഉഴാറാക്കാനുള്ള തത്രപ്പാടിലാണ് മലയാളി.
ചിങ്ങമാസത്തിൽ പ്രാധാന്യം മുറ്റത്തെ ഊഞ്ഞാലും അത്തപ്പൂക്കളവുമായി എത്തുന്ന ഓണക്കാലമാണ്. ചിങ്ങം പിറന്നാൽ പിന്നെ എവിടെയും പൂക്കൾ കൊണ്ട് നിറയും. കഴിഞ്ഞ രണ്ടുവർഷമായി ഓണം കടന്നുപോകുന്നത് മലയാളികളുടെ കണ്ണീരിലൂടെയാണ്. ഇത്തവണ ഉരുൾപ്പൊട്ടലും, മഴക്കെടുതിയ്ക്കുമൊപ്പം കൊറോണ മഹാമരിയുമുണ്ട്.എങ്കിലും പ്രതീക്ഷകളുടെ മുകളിലാണ് ജീവിതം നിലനിൽക്കുന്നത്.

















