കാബൂൾ: താലിബാനെതിരെ യുഎൻ സുരക്ഷാ കൗൺസിലിൽ നിലപാട് പ്രഖ്യാപിച്ച് അമേരിക്കയും ബ്രിട്ടനും. മനുഷ്യാവകാശലംഘനം അനുവദിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. അഫ്ഗാൻ ജനത അന്തസ്സോടെ ജീവിക്കുന്നു എന്ന് ഉറപ്പുവരുത്തണമെന്നും സ്ത്രീകളുടെ അവകാശം സംരക്ഷിക്കണമെന്നും അമേരിക്ക താലിബാനോട് ആവശ്യപ്പെട്ടു. അഫ്ഗാൻ്റെ അയൽരാജ്യങ്ങൾ അഭയാർത്ഥികളെ സ്വീകരിക്കണമെന്നും അമേരിക്ക അഭ്യർത്ഥിക്കുന്നു. താലിബാൻ ദോഹ ധാരണ ലംഘിച്ചെന്ന് ബ്രിട്ടൻ കുറ്റപ്പെടുത്തി.
അഫ്‌ഗാനിസ്ഥാനില്‍ മനുഷ്യവകാശം സംരക്ഷിക്കണമെന്ന് സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും ആവശ്യപ്പെട്ടു. അഫ്ഗാന്‍ വിഷയം ഐക്യരാഷ്ട്ര രക്ഷാസമിതി ചര്‍ച്ച ചെയ്യുകയാണ്. ഇന്ത്യയുടെ യു.എന്‍ പ്രതിനിധി ടി.എസ് തിരുമൂര്‍ത്തിയാണ് യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുന്നത്. താലിബാന്‍ ധാരണ പാലിച്ചില്ലെന്ന് യുഎന്നിലെ അഫ്ഗാന്‍ അംബാസഡര്‍ യോഗത്തില്‍ പറഞ്ഞു.
അമേരിക്ക അവരുടെ എല്ലാ ഉദ്യോഗസ്ഥരെയും ഒഴിപ്പിച്ചെങ്കിലും മറ്റ് അറുപതോളം രാഷ്ട്രങ്ങളുടെ പൗരന്മാര്‍ ഇപ്പോഴും കാബൂളില്‍ ഉണ്ട്. അഫ്ഗാനില്‍ യുദ്ധം അവസാനിച്ചെന്ന് പ്രഖ്യാപിച്ച താലിബാന്‍ ഇനി ഇസ്‌ലാമിക ഭരണമായിരിക്കുമെന്നും വ്യക്തമാക്കി കഴിഞ്ഞു. വിദേശികളെ ആക്രമിക്കില്ലെന്നും പ്രതികാരം ആരോടുമില്ലെന്നുമാണ് താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ പറയുന്നത്.
താലിബാൻ ഭരണത്തിലായ അഫ്ഗാനിൽ നിന്ന് കൂട്ടപലായനമാണ് നടക്കുന്നത്. കാബൂൾ വിമാനത്താവളത്തിലേക്ക് ജനം ഇരച്ചുകയറുകയായിരുന്നു. തിക്കിലും തിരക്കിലും വെടിവയ്പ്പിലും 5 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിമാനങ്ങളുടെ യന്ത്രഭാഗങ്ങളിൽ പിടിച്ചിരുന്ന് യാത്രയ്ക്ക് ശ്രമിച്ച 3 പേർ വീണുമരിച്ചു.
















