തിരുവനന്തപുരം: സംസ്ഥാനത്ത് ബെവ്കോ ഔട്ട്ലെറ്റുകളില് ഓണ്‍ലൈന്‍ ആയി മദ്യം ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം തുടങ്ങും. ഓണ്‍ലൈന്‍ ആയി തുകയടച്ച് ബുക്ക് ചെയ്ത് മദ്യം വാങ്ങാനുള്ള സൗകര്യം നാളെ മുതല്‍ ആരംഭിക്കും. തിരുവന്തപുരത്തും കോഴിക്കോടുമായി രണ്ട് ഔട്ട്ലെറ്റുകളില് ആണ് പരീക്ഷണം. തുടക്കത്തിൽ ഈ സൗകര്യം കോർപ്പറേഷന്റെ തിരുവനന്തപുരം എഫ്എൽ1/11008 വെഎംസി പാവമണി എന്നീ ചില്ലറ വിൽപനശാലകളിൽ പരീക്ഷണ അടിസ്ഥാനത്തിൽ നടത്തും.
https:booking.ksbc.co.in എന്ന ലിങ്ക് വഴി ഓൺലൈൻ ബുക്കിംഗ് നടത്താം. ഓൺലൈനായി പണം അടച്ച് ബുക്ക് ചെയ്യുന്നതിന് ഉപഭോക്താക്കൾ സ്വന്തം മൊബൈലിൽ നമ്പർ നൽകി അതിൽ ലഭ്യമാകുന്ന ഒറ്റിപി ടൈപ്പ് ചെയ്ത് വെരിഫൈ ചെയ്ത് രജിസ്ട്രേഷൻ പൂർത്തിയാക്കണം.
അതിനുശേഷം ഉപഭോക്താക്കളുടെ പ്രൊഫൈൽ ക്രിയേറ്റ് ചെയ്യാൻ പേരും ഇ-മെയിൽ ഐഡിയും ജനനത്തീയതിയും പാസ് വേഡും നൽകണം. ഇത് നൽകിയ ശേഷം ആപ്ളിക്കേഷൻ വഴി ഉപഭോക്താക്കൾക്ക് വേണ്ട ജില്ലയും ചില്ലറ വിൽപനശാലയും അവിടെ ലഭ്യമായ മദ്യ ഇനങ്ങളുടെ വിവരങ്ങളും ലഭ്യമാകും.
ഉപഭോക്താക്കൾക്ക് വേണ്ട മദ്യം തെരഞ്ഞെടുത്ത് കാർട്ടിൽ ചേർത്തതിനുശേഷം ആയതിലേക്കുള്ള തുക പ്ലെയിസ് ഓർഡർ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് അടയ്ക്കാൻ ഇതിൽ ചേർത്തിട്ടുള്ള പെയ്മെന്റ് ഗേറ്റ്വേയിലേക്ക് പോകണം. ഇതിൽ വരുന്ന നിർദ്ദേശാനുസരണം പെയ്മെന്റ് നടത്താം.
ഇതിനുശേഷം റഫറൻസ് നമ്പർ, ചില്ലറ വിൽപനശാലയുടെ വിവരങ്ങളും മദ്യം കൈപ്പറ്റേണ്ട സമയവും അടങ്ങിയ ഒരു എസ്എംഎസ് സന്ദേശം രജിസ്റ്റർ ചെയ്ത് മൊബൈൽ നമ്പറിലേക്ക് ലഭിക്കും. ഉപഭോക്താക്കൾക്ക് എസ്എംഎസ് സന്ദേശത്തിലുള്ള റഫറൻസ് നമ്പർ നൽകി ബുക്ക് ചെയ്ത് മദ്യം വാങ്ങാം.
സംസ്ഥാനത്ത് മദ്യവില്പനശാലകളിലെ തിരക്കും കൊവിഡ് വ്യാപന സാഹചര്യവും കണക്കിലെടുത്ത് ഹൈക്കോടതി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു.
ആള്‍ക്കൂട്ടം നിയന്ത്രിക്കാനാവില്ലെങ്കില്‍ മദ്യവില്‍പ്പനശാലകള്‍ അടച്ചിടണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി പറഞ്ഞിരുന്നു. മാന്യമായി മദ്യം വാങ്ങാന്‍ സൗകര്യങ്ങള്‍ ഒരുക്കുകയാണ് വേണ്ടതെന്നും കോടതി വാക്കാല്‍ നിര്‍ദേശിക്കുകയുണ്ടായി.

















