യുഎസ് സൈന്യത്തിന്റെ പിന്തുണയോടെ 20 വര്‍ഷം നിലനിന്ന അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരിനെ തകര്‍ത്ത് വീണ്ടും താലിബാന്‍ അധികാരത്തിലെത്തിയിരിക്കുന്നു. ഭീകരാക്രമണങ്ങളുടേയും മതമൗലികവാദത്തിന്റേയും പേരില്‍ നിറഞ്ഞു നില്‍ക്കുന്ന താലിബാന്റെ നേതൃനിരയെ ചുറ്റിപ്പറ്റിയും പ്രവര്‍ത്തന രീതിയെ സംബന്ധിച്ചും ഏറെ നിഗൂഢതകള്‍ നിലനില്‍ക്കുന്നുണ്ട്.
1996ല്‍ അഫ്ഗാനിലെ സോവിയറ്റ് യൂണിയന്‍ നിയന്ത്രിത ഭരണത്തിന് അന്ത്യം കുറിച്ചാണ് താലിബാന്‍ ആദ്യം അധികാരം കൈയാളുന്നത്. ഒടുവില്‍ അമേരിക്ക തന്നെ അഫ്ഗാനെ 2001ല്‍ അധികാരത്തില്‍ നിന്ന് പുറത്താക്കി. മുല്ല മുഹമ്മദ് ഒമറായിരുന്നു താലിബാന്‍ സ്ഥാപകന്‍. അമേരിക്ക താലിബാന്‍ ഭരണത്തിന് അന്ത്യം കുറിച്ചതോടെ ഒമറിനെ കാണാതായി. 2013ലാണ് ഒമറിന്റെ മരണം സ്ഥിരീകരിക്കുന്നത്. പിന്നീട് മറ്റ് നേതാക്കളുടെ നേതൃത്വത്തിലാണ് അഫ്ഗാനില്‍ താലിബാന്‍ ആക്രമണം തുടര്‍ന്നതും ഇപ്പോള്‍ ഭരണം പിടിച്ചെടുത്തതും.
അടുത്തിടെ പുറത്തിറങ്ങിയ റിപ്പോര്‍ട്ടുകളനുസരിച്ച് ഏകദേശം 75,000 അംഗങ്ങളാണ് താലിബാന്‍ എന്ന സംഘടനയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നത്. അഫ്ഗാനില്‍ നിന്ന് യുഎസ് പിന്മാറ്റം നടത്തിയതിന്റെ തുടർച്ചയായി അഫ്ഗാന്റെ 85 ശതമാനം പ്രദേശവും താലിബാന്റെ നിയന്ത്രണത്തിലായിരുന്നു. ഈ കാലയളവില്‍ താലിബാന്‍ സാമ്പത്തികമായും വളരെയധികം വളര്‍ന്നു. എല്ലാ സൗകര്യങ്ങളോടും കൂടി പ്രവര്‍ത്തിക്കാന്‍ മാത്രമുള്ള സമ്പത്തും താലിബാനുണ്ട്.
ആരാണ് താലിബാന്‍?
1996 മുതൽ 2001-ൽ പുറത്താക്കപ്പെടുന്നതു വരെ അഫ്ഗാനിസ്താനിൽ ഭരണത്തിലിരുന്ന സുന്നി മുസ്ലീം രാഷ്ട്രീയ-സൈനികപ്രസ്ഥാനമാണ് താലിബാൻ. അധികാരത്തിൽ നിന്നും പുറത്തായതിനു ശേഷം 2004-ഓടെ പുനരേകീകരിക്കപ്പെട്ട താലിബാൻ, അഫ്ഗാൻ പാകിസ്താൻ അതിർത്തിയിലെ വിവിധ പഷ്തൂൺ ഗോത്രമേഖലകളിൽ ഭരണം നടത്തുകയും, ഇരുസർക്കാരുകൾക്കെതിരെയും അഫ്ഗാനിസ്താനിൽ സാന്നിധ്യമുറപ്പിച്ചിരിക്കുന്ന നാറ്റോ സഖ്യസേനക്കെതിരെയും ഗറില്ല മുറയിൽ യുദ്ധം നടത്തിക്കൊണ്ടിരിക്കുന്നു.
താലിബാൻ അംഗങ്ങളിൽ ഭൂരിഭാഗവും പഷ്തൂൺ ഗോത്രത്തിൽപ്പെട്ടവരാണ്. ഇതിനു പുറമേ തൊട്ടടുത്ത ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ള ഉസ്ബെക്കുകൾ, താജിക്കുകൾ, ചെച്ചെനുകൾ, അറബികൾ, പഞ്ചാബികൾ തൂടങ്ങിയവരും താലിബാനിലുണ്ട്.
പാകിസ്താനിലും അഫ്ഗാനിസ്താനിലും പ്രവർത്തിക്കുന്ന താലിബാൻ, പ്രധാനമായും ഡ്യൂറന്റ് രേഖ മേഖലയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. താലിബാന്റെ ആസ്ഥാനം പാകിസ്റ്റാനിലെ ക്വെത്ത പ്രദേശത്താണെന്നാണ് അമേരിക്ക കരുതുന്നത്.
താലിബാനെ നയിക്കുന്നവര്‍
താലിബാന്റെ സ്ഥാപകരില്‍പ്പെട്ട മുതിര്‍ന്ന മത പുരോഹിതനായ മൗലവി ഹൈബത്തുള്ള അഖുന്‍സാദയാണ് താലിബാനെ ഇപ്പോള്‍ നയിക്കുന്നത്. പാകിസ്താനില്‍ യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ മുന്‍ നേതാവ് മുല്ല അക്തര്‍ മുഹമ്മദ് മന്‍സൂര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് 2016-ലാണ് ഹൈബത്തുള്ള അഖുന്‍സാദയെ പരമോന്നത നേതാവായി താലിബാന്‍ തിരഞ്ഞെടുത്തത്.
ഇതിനു മുമ്പ് ഹിബതുല്ല ഏറെയൊന്നും അറിയപ്പെടാത്ത ഒരു മത നേതാവായിരുന്നു. താലിബാന്റെ ആത്മീയ തലവനായി അറിയപ്പെടുന്ന ഹിബതുല്ല ഒരു മിലിറ്ററി കമാന്‍ഡര്‍ അല്ല. താലിബാന്റെ തലപ്പത്ത് എത്തിയതോടെ മറ്റൊരു ഭീകരസംഘടനയായ അല്‍ ഖാഇദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയും ഹിബതുല്ലയെ പിന്തുണച്ചിരുന്നു. മുല്ലാ മന്‍സൂര്‍ കൊല്ലപ്പെട്ടതിനു ശേഷം താലിബാന്‍ ഭീകരര്‍ക്കിടയില്‍ ഉടലെടുത്ത അധികാര തര്‍ക്കങ്ങളും വിഭാഗീയതയും സ്ഥാപകന്‍ മുല്ലാ ഉമര്‍ കൊല്ലപ്പെട്ട വിവരം വര്‍ഷങ്ങളോളം രഹസ്യമാക്കിവച്ചു വെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും പരിഹരിക്കുകയായിരുന്നു ഹിബതുല്ലയുടെ വെല്ലുവിളി. മതകാര്യങ്ങളില്‍ മാത്രം ശ്രദ്ധചെലുത്തുന്ന ഹിബതുല്ല ഇസ്ലാമിക ചടങ്ങുകളില്‍ മാത്രമെ പൊതുവെ കാണാറുള്ളൂ.
താലിബാന്‍ സഹസ്ഥാപകനായ മുല്ല അഹ്ദുള്‍ ഗനി ബറദറാണ് മറ്റൊരു പ്രധാന നേതാവ്. 2010-ല്‍ കറാച്ചിയില്‍ വെച്ച് പിടിയിലായ ഇയാള്‍ 2013-ല്‍ മോചിക്കപ്പെട്ടിരുന്നു.
താലിബാന്‍ സ്ഥാപകന്‍ മുല്ല ബറാദർ
താലിബാന്‍ സ്ഥാപക നേതാക്കളില്‍ ഒരാളാണ് മുല്ലാ അബ്ദുല്‍ ഗനി ബറാദര്‍. മുല്ലാ ഉമറിന്റെ വലംകയ്യായിരുന്നു. താലിബാന്‍ ജന്മമെടുത്ത കാണ്ഡഹാറാണ് മുല്ല ബറാദറിന്റെ ജന്മദേശം. എല്ലാ അഫ്ഗാനികളേയും പോലെ 1970കളിലെ സോവിയറ്റ് അധിനിവേശമാണ് ബറാദറിന്റെയും ജീവിതം മാറ്റി മറിച്ച് ഒരു ഭീകരനാക്കി മാറ്റിയത്. മുല്ലാ ഉമറിനൊപ്പം 90കളില്‍ താലിബാന്‍ സ്ഥാപിച്ചു. സോവിയറ്റ് യൂനിയന്‍ അഫ്ഗാനില്‍ നിന്ന് പിന്‍വാങ്ങിയതിനെ തുടര്‍ന്നുണ്ടായ ആഭ്യന്തര യുദ്ധവും അഴിമതിയും രാജ്യത്ത് സൃഷ്ടിച്ച കുത്തഴിഞ്ഞ അവസ്ഥയിലാണ് താലിബാന്‍ പിറവിയെടുക്കുന്നത്.
2001ല്‍ താലിബാന്‍ സര്‍ക്കാര്‍ വീണതോടെ പുതിയ അഫ്ഗാന്‍ സര്‍ക്കാരുമായി നീക്കുപോക്കുണ്ടാക്കാന്‍ മുല്ലാ ബറാദര്‍ ശ്രമം നടത്തിയിരുന്നു. പിന്നീട് 2010ല്‍ പാക്കിസ്ഥാനില്‍ വച്ച് പാക് ചാരസംഘടനയായ ഐഎസ്‌ഐ അറസ്റ്റ് ചെയ്തു. യുഎസിന്റെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് 2018ല്‍ പാക്കിസ്ഥാന്‍ മുല്ലാ ബറാദറിനെ മോചിപ്പിച്ചു. ശേഷം ഖത്തറിലാണ്. പിന്നീട് താലിബാന്റെ രാഷ്ട്രീയകാര്യ തലവനാണ് നിയമിക്കപ്പെട്ടു. ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്നു. അഫ്ഗാനില്‍ നിന്നും യുഎസ് സേനാ പിന്‍മാറ്റ കരാര്‍ ഒപ്പിട്ടതും മുല്ലാ ബറാദറിന്റെ നേതൃത്വത്തിലായിരുന്നു. അഫ്ഗാനിലെ പുതിയ താലിബാന്‍ സര്‍ക്കാരിന്റെ തലവനായി സാധ്യത കല്‍പ്പിക്കപ്പെടുന്നയാളാണ്.
ട്രംപും താലിബാനും തമ്മിലുള്ള കരാര്‍
അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സേനയെ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 2017-ല്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് താലിബാന്‍ ഒരു തുറന്ന കത്തെഴുതി. ഇതായിരുന്നു യുഎസുമായുള്ള കരാറിന്റെ തുടക്കം. മാസങ്ങളോളം വിലപേശലുകള്‍ക്ക് ശേഷം 2020-ല്‍ താലിബാനും ട്രംപ് ഭരണകൂടവും കരാറില്‍ ഒപ്പുവെച്ചു. ഇത് പ്രകാരം സേനയെ പിന്‍വലിക്കാനും അയ്യായിരത്തോളം താലിബാന്‍ തടവുകാരെ മോചിപ്പിക്കാനും യുഎസ് സമ്മതിച്ചു. യുഎസിന്റെയോ സഖ്യകക്ഷികളുടെയോ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന അല്‍ഖ്വയ്ദ ഉള്‍പ്പെടെയുള്ള ഏതെങ്കിലും ഗ്രൂപ്പുകള്‍ക്കെതിരെയോ വ്യക്തികള്‍ക്കെതിരെയോ നടപടിയെടുക്കുന്നതിന് താലിബാനും സമ്മതിച്ചു.
പക്ഷേ ഈ കരാര്‍ സമാധാനം കൊണ്ടുവന്നില്ല. അഫ്ഗാനിസ്ഥാനിലെ സംഘര്‍ഷം രണ്ടു പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന തലത്തിലേക്കെത്തി. താലിബാന്‍ അഫ്ഗാനിസ്താന്റെ ഓരോ ഭാഗങ്ങള്‍ കീഴടക്കി തുടങ്ങി. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ റിപ്പോര്‍ട്ടനുസരിച്ച് ഈ വര്‍ഷം ജൂണില്‍ നഗരങ്ങള്‍ക്ക് പുറത്തുള്ള അഫ്ഗാനിസ്താന്റെ ഭൂപ്രദേശത്തിന്റെ 50 മുതല്‍ 70 ശതമാനം വരെ നിയന്ത്രണം താലിബാന്‍ കൈപിടിയിലായിരുന്നു.
അഫ്ഗാന്‍ സര്‍ക്കാരിന് ഈ റിപ്പോര്‍ട്ട് ഒരു മുന്നറിയിപ്പ് നല്‍കിയിരുന്നു. താലിബാന്‍ നേതൃത്വത്തിന് സമാധാന ശ്രമങ്ങളില്‍ താത്പര്യമില്ലെന്നും രാജ്യം പിടിച്ചെടുക്കുകയാണ് അവരുടെ ലക്ഷ്യമെന്നും യുഎന്‍ സുരക്ഷാ കൗണ്‍സില്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
താലിബാന്‍ തിരിച്ചുവരുന്നത് യുഎസിന്റെ അറിവോടെയോ??
അഫ്ഗാനിസ്താനെ താലിബാന്‍ പിടിച്ചെടുക്കുമെന്ന് യുഎസിന് അറിവുണ്ടായിരുന്നെങ്കിലും കഴിഞ്ഞ മാസംവരെ ബൈഡന്‍ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ കരുതിയിരുന്നത് ഇതിന് മാസങ്ങളെടുക്കുമെന്നാണ്.
എന്നാല്‍ യുഎസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളെ തകിടംമറിച്ചുകൊണ്ടാണ് താലിബാന്‍ അതിവേഗത്തില്‍ അഫ്ഗാന്‍ പിടിച്ചെടുത്തത്. യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിനുണ്ടായ ഈ വീഴ്ചയില്‍ ബൈഡന്‍ ഭരണകൂടത്തെ ചോദ്യം ചെയ്യുകയാണിപ്പോള്‍ പ്രതിപക്ഷം.
ചൈനയുടെയും പാകിസ്ഥാന്റെയും പിന്തുണ..??
അഫ്ഗാനിസ്ഥാനില്‍ ഭരണമുറപ്പിച്ച താലിബാനെ പിന്തുണച്ച് ചൈനയും പാകിസഥാനും രംഗത്തെത്തിയിരുന്നു. താലിബാന്‍ ഭരണത്തെ അംഗീകരിക്കുന്നതായി ചൈനയുടെ വിദേശകാര്യ വക്താവ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഇതിന് പിന്നാലെ പാകിസ്ഥാനും താലിബാന് പിന്തുണ പ്രഖ്യാപിച്ചു.
ഇതോടെ പാകിസ്ഥാനും ചൈനയും താലിബാന് മുന്‍പും പിന്തുണ നല്‍കിയിരുന്നുവെന്ന വാദം ശക്തമായി. ഒരു രാജ്യത്തിന്റെ സൈന്യത്തെ തകര്‍ക്കാന്‍ തക്ക വണ്ണം ആയുുധങ്ങള്‍ താലിബാന് എവിടെ നിന്ന് ലഭിച്ചുവെന്ന് എന്നതില്‍ ലോകം സംശയം പ്രകടിപ്പിച്ചിരുന്നു. അറബ രാജ്യങ്ങളാണ് താലിബാന് പിന്തുണ നല്‍കിയിരുന്നത് എന്നായിരുന്നു ഇതുവരെയുള്ള ധാരണ. അമേരിക്കയുടെ ബോംബര്‍ വിമാനങ്ങളെ നേരിടാന്‍ മിസൈലുകളും അത്യാധുനിക ആയുധങ്ങളും വേണമെന്ന് ആവശ്യപ്പെട്ട് താലിബാന്‍ വക്താക്കള്‍ കഴിഞ്ഞ മാസങ്ങളില്‍ ചൈന സന്ദര്‍ശിച്ചിരുന്നു. എന്നാല്‍, ഇക്കാര്യം ചൈന ഔദ്യോഗികമായി പുറത്തുവിട്ടിരുന്നില്ല. അമേരിക്കയുടെ വ്യോമ യുദ്ധത്തെ പ്രതിരോധിക്കാന്‍ വേണ്ട സഹായ സംവിധാനങ്ങള്‍ തേടിയാണ് താലിബാന്‍ പ്രതിനിധി സംഘം ചൈന സന്ദര്‍ശിച്ചത്.
ജൂലായ് 28ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് ഒന്‍പതംഗ താലിബാന്‍ സംഘവുമായി കൂടിക്കാഴ്ച നടത്തി. സംഘത്തില്‍ താലിബാന്‍ നേതാവ് മുല്ല അബ്ദുല്‍ ഗനിയും ഉണ്ടായിരുന്നു. .അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കന്‍ സൈന്യം പൂര്‍ണമായും വിട്ടുപോകുന്നതിന് മുന്‍പ് ചൈനയില്‍ നിന്ന് ഇടത്തരം റേഞ്ചുള്ള സര്‍ഫസ്-ടു-എയര്‍ മിസൈലുകള്‍ (എസ്‌എഎം) ലഭ്യമാക്കാന്‍ താലിബാന്‍ ശ്രമിച്ചിരുന്നു. ടിയാന്‍ജിനില്‍ നടന്ന പ്രതിനിധി കൂടിക്കാഴ്ചയില്‍ അത്യാധുനിക ആയുധങ്ങള്‍ നല്‍കി സഹായിക്കണമെന്ന് താലിബാന്‍ ആവശ്യപ്പെട്ടിരുന്നു എന്ന് രാജ്യാന്തര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഈ ചര്‍ച്ചയ്ക്ക് ശേഷം ചൈന താലിബാന് ആയുധങ്ങള്‍ നല്‍കിയോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല.
അമേരിക്കയുടെ ആധുനിക ഇലക്‌ട്രോണിക് യുദ്ധ സംവിധാനങ്ങള്‍ തകര്‍ക്കാനും ബി -52 ബോംബറുകളുടെ റഡാര്‍ തടസ്സപ്പെടുത്താനും ശേഷിയുള്ള മിസൈലുകളും മറ്റു സംവിധാനങ്ങളും ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പാക്ക് ഐ.എസ്.ഐ കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നു. ഭാവിയില്‍ ഇത്തരം നീക്കം ഇന്ത്യക്കും ഭീഷണിയായേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വരുമാന സ്രോതസ്സ്
2016ല്‍ ഫോബ്‌സ് പുറത്തിറക്കിയ പട്ടികയില്‍ ഏറ്റവും കൂടുതല്‍ സമ്പത്തുള്ള ആറാമത്തെ തീവ്രവാദ സംഘടനയായിരുന്നു താലിബാന്‍. പ്രതിവര്‍ഷം 400 മില്ല്യണ്‍ ഡോളര്‍ ആണ് താലിബാന്റെ വരുമാനം. നാറ്റോയുടെ ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം 2019-20 വര്‍ഷത്തില്‍ 1.6 ബില്ല്യണ്‍ ഡോളറാണ് താലിബാന്റെ പ്രതിവര്‍ഷ വരുമാനം. അതായത് നാല് വര്‍ഷത്തിനുള്ളില്‍ താലിബാന്‍ 400 ശതമാനത്തിലേറെ സാമ്പത്തിക വളര്‍ച്ച ഉണ്ടാക്കിയെന്ന് ചുരുക്കം.
ഫോബ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം മയക്കുമരുന്ന് കച്ചവടം, കള്ളക്കടത്ത് എന്നിവയ്ക്ക് പുറമേ വിദേശ സ്രോതസ്സുകളില്‍ നിന്നുള്ള നിക്ഷേപവുമാണ് താലിബാന്റെ വരുമാനമാര്‍ഗം. റേഡിയോ ലിബര്‍ട്ടി, റേഡിയോ ഫ്രീ യൂറോപ്പ് എന്നിവര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം ഖനനം, നികുതി, കയറ്റുമതി, റിയല്‍ എസ്റ്റേറ്റ് വ്യാപാരം എന്നിവയും താലിബാന്റെ വരുമാന മാര്‍ഗങ്ങളാണ്.
ഖനനം- 464 മില്ല്യണ്‍ ഡോളര്‍
മയക്കുമരുന്ന്- 416 മില്ല്യണ്‍ ഡോളര്‍
വിദേശസഹായം- 240 മില്ല്യണ്‍ ഡോളര്‍
കയറ്റുമതി- 240 മില്ല്യണ്‍ ഡോളര്‍
നികുതി- 160മില്ല്യണ്‍ ഡോളര്‍
റിയല്‍ എസ്‌റ്റേറ്റ്- 80 മില്ല്യണ്‍ ഡോളര്‍
എന്നിങ്ങനെയാണ് ഫോബ്‌സ് റിപ്പോര്‍ട്ടില്‍ താലിബാന്റെ വരുമാനത്തെക്കുറിച്ച് പറയുന്നത്.