കാബൂള്‍: അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അശ്‌റഫ് ഗനി രാജ്യം വിട്ടത് പണക്കൂമ്പാരവുമായി. നാല് കാറും ഒരു ഹെലികോപ്ടറും നിറയെ പണം കുത്തിനിറച്ചാണ് അദ്ദേഹവും സ്വന്തക്കാരും രാജ്യം വിട്ടതെന്ന് കാബൂളിലെ റഷ്യന്‍ എംബസി വക്താവ് തിങ്കളാഴ്ച സ്പൂട്‌നികിനോട് പ്രതികരിച്ചു.
‘ഭരണം അവസാനിച്ചതോടെ ഗനി അഫ്ഗാനിസ്ഥാനില്‍നിന്ന് പോയ രീതി എടുത്തപറയണം. നാലു കാറുകള്‍ നിറയെ പണം, പണത്തിന്റെ ഒരുഭാഗം ഹെലികോപ്ടറില്‍ കയറ്റാന്‍ ശ്രമിച്ചുവെങ്കിലും സ്ഥലം തികഞ്ഞില്ല. കുറച്ചുപണം റണ്‍വേയില്‍ ഉപേക്ഷിച്ചു’.-വക്താവ് നികിത ഇഷങ്കോ പറഞ്ഞു.
അഷ്‌റഫ് ഗനി നിലവില്‍ ഒമാനിലാണ് ഉള്ളത്‍. തജികിസ്ഥാന്റെ ദുഷന്‍ബെയില്‍ ഇറങ്ങാന്‍ അനുമതി ലഭിച്ചില്ല. അദ്ദേഹം യുഎസിലേക്ക് പോയേക്കും. അഫ്ഗാനിസ്ഥാന്റെ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഹംദുള്ള മൊഹിബും ഒമാനില്‍ ഗനിക്കൊപ്പമുണ്ടെന്നാണ് തിങ്കളാഴ്ചത്തെ റിപ്പോര്‍ട്ടുകള്‍.
താലിബാന്‍ കാബൂള്‍ വളഞ്ഞതോടെയാണ് പ്രസിഡന്റ് രാജ്യം വിട്ട വാര്‍ത്തകള്‍ വന്നത്. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണ് രാജ്യം വിട്ടതെന്ന് ഗനി പറയുന്നു.
















