തിരുവനന്തപുരം: ഇന്ത്യന്‍ ആര്‍മിയുടെ യൂണിഫോമില്‍ ഫോട്ടോഷൂട്ട് നടത്തിയ ബി.ജെ.പി കൗണ്‍സിലറുടെ നടപടി വിവാദത്തില്‍. തിരുവനന്തപുരം കോര്‍പറേഷന്‍ പാപ്പനംകോട് ഡിവിഷന്‍ കൗണ്‍സിലറും യുവമോര്‍ച്ചാ ജില്ലാ സെക്രട്ടറിയുമായ ആശാനാഥാണ് യൂണിഫോം അണിഞ്ഞുളള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
സംഭവം വിവാദമാകുകയും നടപടി നിയമവിരുദ്ധവും പ്രോട്ടോക്കോള്‍ ലംഘനമാണെന്നും കമന്റുകള്‍ വന്നതോടെ ആശ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുടെ ചിറയിന്‍കീഴ് സ്ഥാനാര്‍ഥി കൂടിയായിരുന്നു ആശാനാഥ്.
സൈന്യത്തില്‍ ജോലി ചെയ്യുന്ന സഹോദരന്റെ യൂണിഫോമാണ് ധരിച്ചിരിക്കുന്നതെന്ന് ആശ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നുണ്ട്.
‘എന്നും അഭിമാനവും ആദരവും ആഗ്രഹവുമാണ് ഈ യൂണിഫോമിനോട്, പ്രത്യേകിച്ച് എന്‍റെ സ്വന്തം അനുജന്റെ ആകുമ്പോള്‍’ എന്നായിരുന്നു ഫോട്ടോ പങ്കുവെച്ചുകൊണ്ട് ആശ എഴുതിയത്.
രാജ്യത്തിന്റെ സേനവിഭാഗത്തിന്റെ ഔദ്യോഗിക യൂണിഫോമുകള്‍ സൈനികരല്ലാത്തവര്‍ ധരിക്കുന്നത് ധരിക്കുന്നത് വിലക്കികൊണ്ട് കരസേന നേരത്തെ ഉത്തരവിറക്കിയിരുന്നു.

















