ബെയ്ജിങ്: താലിബാനുമായി സൗഹൃദത്തിന് തയ്യാറെന്ന് ചൈന. ചൈനയുമായി സഹകരിച്ചു പ്രവർത്തിക്കാമെന്ന താലിബാന്‍റെ നിലപാട് സ്വാഗതാർഹമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹൂ ചുൻയിങ് വ്യക്തമാക്കി. അഫ്ഗാനിസ്ഥാന്‍റെ പുനരുദ്ധാരണത്തിന് ചൈനയുടെ പങ്കാളിത്തം താലിബാൻ അഭ്യർത്ഥിച്ചുവെന്നും ചൈനീസ് വിദേശകാര്യ വക്താവ് വ്യക്തമാക്കി. അധികാരകൈമാറ്റം ജനങ്ങളുടെ അംഗീകാരത്തോടെ സമാധാനപരമായി വേണമെന്നും ചൈന നിർദ്ദേശിച്ചു.
പാകിസ്ഥാനും താലിബാനെ പരസ്യമായി അംഗീകരിച്ച് രംഗത്തെത്തി. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഇപ്പോള്‍ പൊട്ടിച്ചത് അടിമത്തത്തിന്റെ ചങ്ങലകളാണെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പറഞ്ഞു.
അഫ്ഗാന്‍ ജനതയെ തുടര്‍ച്ചയായ സംഘര്‍ഷത്തിലേക്ക് തള്ളിവിടാതെ ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്ന് പാകിസ്ഥാന്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയ പരിഹാരമാണ് ആവശ്യമെന്നും പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി വ്യക്തമാക്കി
താലിബാന്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുന്നതായി ബ്രിട്ടനും വ്യക്തമാക്കി. താലിബാന്റെ കാര്യത്തില്‍ വേണ്ടത്ര ഗൗരവത്തോടെ കാര്യങ്ങള്‍ പഠിച്ച് വൈകാതെ ഒരു തീരുമാനം കൈക്കൊള്ളും എന്നാണ് റഷ്യന്‍ പ്രസിഡന്‍റ് പുടിന്‍റെ പ്രതിനിധിയായ സമീര്‍ കാബുലോവ് പറഞ്ഞത്.
അതേസമയം അഫ്ഗാന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ത്യയുടെ അധ്യക്ഷതയില്‍ ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ യോഗം ഇന്നു ചേരും. രക്ഷാ സമിതി അടിയന്തര യോഗം കൂടുന്ന സാഹചര്യത്തിൽ താലിബാനോടുള്ള ലോകരാജ്യങ്ങളുടെ നിലപാടുകൾ ഏറെ നിർണായകമാണ്.
















