മലപ്പുറം: മൊബൈലിൽ വീഡിയോ എടുക്കുന്നതിനിടെ യുവാവ് കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ചു. നടുവത്ത് പുത്തൻകുന്നിൽ മണപ്പാട്ടിൽ സുബൈറിന്റെ മകൻ റാഷിദാണ് (19) മരിച്ചത്. ഞായറാഴ്ച രാത്രി ഏഴോടെയാണ് സംഭവം.
വീടിന് സമീപത്തെ അൽഫുർഖാൻ മദ്റസയുടെ പ്രവൃത്തി നടക്കുന്ന പുതിയ കെട്ടിടത്തിന് മുകളിൽനിന്ന് കൂട്ടുകാരോടൊപ്പം വിഡിയോ ചിത്രീകരിക്കുന്നതിനിടെ കാൽതെറ്റി വീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ റാഷിദിനെ നാട്ടുകാർ വണ്ടൂരിലെയും തുടർന്ന് പെരിന്തൽമണ്ണയിലെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം ഇന്ന് പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും. ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി ഖബറടക്കും. മാതാവ്: നസീറ. സഹോദരി: ബുഷ്റ.

















