ന്യൂയോർക്ക്: അഫ്ഗാനിസ്ഥാനിലെ പ്രതിസന്ധിക്ക് കാരണക്കാരൻ യു.എസ് പ്രസിഡന്‍റ് ജോ ബൈഡനാണെന്ന് കുറ്റപ്പെടുത്തി മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ബൈഡന്റെ രാജിയും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്.
‘അഫ്ഗാനിൽ സംഭവിക്കാനിടയായ നാണക്കേടിന് ജോ ബൈഡൻ രാജിവെക്കണം”- ട്രംപ് പ്രസ്താവനയിൽ പറഞ്ഞു.അഫ്ഗാൻ ദൗത്യവുമായി ബന്ധപ്പെട്ട് ട്രംപ് നേരത്തെയും ബൈഡനെതിരെ ശക്തമായി രംഗത്തുണ്ട്.
20 വർഷം നീണ്ട അധിനിവേശമവസാനിപ്പിച്ച് യു.എസ് സൈന്യം അഫ്ഗാൻ മണ്ണിൽനിന്ന് മടക്കം പൂർത്തിയാക്കി വരുന്നതിനിടെയാണ് രാജ്യത്തിന്‍റെ നിയന്ത്രണം താലിബാൻ പൂർണമായി വരുതിയിലാക്കിയത്. പ്രസിഡന്‍റ് അശ്റഫ് ഗനിയും മുതിർന്ന ഭരണപ്രതിനിധികളും രാജ്യം വിട്ടിരുന്നു. രണ്ടു പതിറ്റാണ്ടിനു ശേഷം ഞായറാഴ്ചയോടെയാണ് അഫ്ഗാൻ ഭരണം വീണ്ടും താലിബാനു ലഭിക്കുന്നത്.
യു.എസ് സേനയുടെ മടക്കം ആഗസ്റ്റ് അവസാനം പൂർത്തിയാകാനിരിക്കെയായിരുന്നു അതിവേഗ നീക്കം. കഴിഞ്ഞ വർഷം ദോഹയിൽ നടന്ന ചർച്ചയിൽ കഴിഞ്ഞ മേയ് മാസത്തോടെ പൂർണമായി അഫ്ഗാൻ വിടുമെന്ന് തീരുമാനിച്ചിരുന്നു. അതാണ് മാസങ്ങൾ കഴിഞ്ഞ് പൂർത്തിയാകുന്നത്.
















