ന്യൂഡല്‍ഹി: കാബൂള്‍-ഡല്‍ഹി സര്‍വീസ് തുടരുമെന്ന് എയര്‍ ഇന്ത്യ. തിങ്കളാഴ്ചയും സര്‍വീസ് നടത്തുമെന്നും ഡല്‍ഹി-കാബൂള്‍-ഡല്‍ഹി സര്‍വീസ് നിര്‍ത്തിവെക്കാന്‍ പദ്ധതിയില്ലെന്നും അധികൃതര്‍ അറിയിച്ചു.
നിലവില്‍ എയര്‍ ഇന്ത്യ മാത്രമാണ് അഫ്ഗാനിലേക്ക് സര്‍വീസ് നടത്തുന്നത്. നേരത്തെ താലിബാന്‍ സേന കാബൂളില്‍ പ്രവേശിച്ച ഞായറാഴ്ച വൈകുന്നേരം തന്നെ 129 യാത്രക്കാരുമായി കാബൂളില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലേക്ക് പറന്നിരുന്നു.
ഞായറാഴ്ച ഉച്ചക്ക് ശേഷം 40 യാത്രക്കാരുമായാണ് എയര്‍ ഇന്ത്യ AI-243 വിമാനം കാബൂളിലേക്ക് പറന്നത്. ഇന്ത്യന്‍ സമയം ഉച്ചക്ക് 12.45ന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട വിമാനത്തിന് കാബൂള്‍ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ഒരു മണിക്കുര്‍ വൈകിയാണ് എയര്‍ ട്രാഫിക് കണ്ട്രോളിന്റെ അനുമതി ലഭിച്ചത്.
എന്താണ് ഇതിന്‍റെ കാരണമെന്ന് വ്യക്തമല്ല. ഇതിനാല്‍ കാബൂളില്‍ നിന്നുള്ള മടക്കവിമാനം 2.50 മണിക്കൂര്‍ വൈകിയാണ് തിരിച്ചു പുറെപ്പട്ടത്. സ്ഥിതിഗതികള്‍ സൂഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു.
















