തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ ദേശീയ പതാക തലകീഴായി ഉയര്‍ത്തി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തു. സി.പി.എം പാളയം ഏരിയാ കമ്മിറ്റി അംഗം ആർ പ്രദീപാണ് പരാതിക്കാരൻ.
തിരുവനന്തപുരത്തെ ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ പതാക ഉയര്‍ത്തുന്നതിനിടെയാണ് സംഭവം. ദേശിയ പതാകയെ അവഹേളിച്ചുവെന്ന് പറഞ്ഞാണ് കേസെടുത്തിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളടക്കം പരിശോധിച്ച ശേഷം പരാതിയിൽ തുടർനടപടി സ്വീകരിക്കുമെന്ന് മ്യൂസിയം പൊലീസ് അറിയിച്ചു. ദേശീയതയെ അപമാനിച്ചെന്ന പേരില്‍ സെക്ഷൻ 2 (l) വകുപ്പ് ചുമത്തിയാണ് മ്യൂസിയം പോലീസ് കേസ് എടുത്തത്.
ദേശീയ പതാക തെറ്റായ രീതിയിൽ ഉയർത്തിയതിനാണ് കെ സുരേന്ദ്രനെതിരെ കേസെടുത്തത്. കണ്ടാലറിയാവുന്ന മറ്റു ചിലർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ബി.ജെ.പി പ്രവര്‍ത്തകരുടെ ഭാരത് മാതാ കീ ജയ് വിളികള്‍ക്കിടെ കെ. സുരേന്ദ്രന്‍ പതാക ഉയര്‍ത്തുകയായിരുന്നു. പതാക പകുതി ഉയര്‍ത്തിയപ്പോഴാണ് തലകീഴായത് മനസ്സിലായത്. ഇതോടെ പതാക താഴെയിറക്കി ശരിയാക്കി വീണ്ടും ഉയര്‍ത്തി.

















