തിരുവനന്തപുരം: കോൺഗ്രസ് പുന:സംഘടനയുമായി ബന്ധപ്പെട്ട് എതിർപ്പ് പരസ്യമായി ഉന്നയിച്ച മുതിര്‍ന്ന നേതാവ് വി എം സുധീരനെ നേരിൽ കണ്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. വി.എം സുധീരന്‍റെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. ചർച്ചകൾ നടത്താത്തതിലെ എതിർപ്പ് സുധീരൻ കെ സുധാകരനെ അറിയിച്ചു. ചർച്ചകളിൽ ഉൾപ്പടെ ഒഴിവാക്കി. അഭിപ്രായങ്ങൾ കേട്ടില്ലെന്നും സുധീരൻ പറഞ്ഞു. എല്ലാ അഭിപ്രായങ്ങളും പരിഗണിച്ച ശേഷമാകും പുന:സംഘടനയെന്ന് സുധാകരൻ വി എം സുധീരനെ അറിയിച്ചു.
അതേസമയം, കേരളത്തിലെ പുതിയ ഡി.സി.സി അധ്യക്ഷന്‍മാരുടെ പട്ടിക ഹൈക്കമാന്‍റിന് കൈമാറിയതിനു പിന്നാലെ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയുമടക്കമുള്ളവര്‍ വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്.
ഡി.സി.സി പ്രസിഡന്‍റുമാരുടെ സാധ്യതാപട്ടിക തയാറാക്കുന്ന ഒരുഘട്ടത്തിലും കെ.പി.സി.സി പ്രസിഡന്‍റ് ആശയവിനിമയം നടത്തിയിട്ടില്ലെന്നായിരുന്നു വി.എം സുധീരന്‍റെ പരസ്യ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വി.എം സുധീരൻ എതിർപ്പ് പരസ്യമാക്കിയത്.
‘ഹൈക്കമാന്‍റിന് സമര്‍പ്പിക്കപ്പെട്ട പട്ടികയുടെ ഉള്ളടക്കത്തെക്കുറിച്ച് യാതൊരു അറിവുമില്ല. രാഷ്ട്രീയകാര്യ സമിതി യോഗത്തിന് മുമ്പ് ചേർന്ന നേതൃയോഗത്തിൽ നിന്ന് താനടക്കം മുൻ കെ.പി.സി.സി പ്രസിഡൻ്റുമാരെ പലരെയും ഒഴിവാക്കിയതായും സുധീരന്‍ വ്യക്തമാക്കിയിരുന്നു. കോൺഗ്രസിന്‍റെ നട്ടെല്ലായ പ്രവർത്തകർക്കും കോൺഗ്രസിനെ സ്നേഹിക്കുന്ന ജനാധിപത്യ വിശ്വാസികൾക്കും സ്വീകാര്യരായ ഡി.സി.സി പ്രസിഡന്‍റുമാരുടെ നല്ല ഒരു നിരക്ക് അന്തിമരൂപം നൽകാൻ ഹൈക്കമാന്‍റിന് കഴിയട്ടെയെന്നും’ സുധീരന്‍ പറഞ്ഞു.

















