കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂള്‍ വളഞ്ഞ് താലിബാന്‍. ഇതോടെ അഫ്ഗാന്‍ സര്‍ക്കാര്‍ താലിബാന് കീഴടങ്ങി. മിക്കയിടത്തും ഏറ്റുമുട്ടലിന് നില്‍ക്കാതെ അഫ്ഗാന്‍ സൈന്യം പിന്മാറുകയാണ്. അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഖാനി രാജിവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അധികാര കൈമാറ്റം സമാധാനപരമായിരിക്കുമെന്നും കാബൂള്‍ നിവാസികളുടെ സുരക്ഷ സൈന്യം ഉറപ്പാക്കുമെന്നും അഫ്ഗാന്‍ ആഭ്യന്തര മന്ത്രിയുടെ ചുമതല വഹിക്കുന്ന അബ്ദുള്‍ സത്താര്‍ മിര്‍സാക്വാല്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞിരുന്നു.
അതേസമയം, ജലാലാബാദ് നഗരം പിടിച്ചെടുത്ത് കാബൂളിനെ ഒറ്റപ്പെടുത്തിയ താലിബാന്‍, പാകിസ്താനിലേക്കുള്ള പാതയുടെ നിയന്ത്രണവും ഏറ്റെടുത്തിരുന്നു. രണ്ട് ദിവസം മുന്‍പാണ് താലിബാന്‍ കാണ്ഡഹാര്‍ പിടിച്ചെടുത്തത്. താലിബാന്‍ പിടിച്ചെടുക്കുന്ന പന്ത്രണ്ടാമത്തെ പ്രവിശ്യാ തലസ്ഥാനമാണ് കാണ്ഡഹാര്‍. അഫ്ഗാനിലെ ഹെറത്, ഗസ്‌നി പ്രദേശങ്ങള്‍ നേരത്തെ താലിബാന്‍ പിടിച്ചെടുത്തിരുന്നു. കാണ്ഡഹാര്‍ കൂടി പിടിച്ചെടുത്തതോടെ അഫ്ഗാനിസ്ഥാനിലെ 34 പ്രധാന പ്രദേശങ്ങളില്‍ 12 എണ്ണവും താലിബാന്റെ കൈയിലായിരുന്നു.
















