ന്യൂഡൽഹി: 75-ാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തിനായി ഗതിശക്തി പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നൂറുലക്ഷം കോടിയുടെ ഗതിശക്തി പദ്ധതിയിലൂടെ ദേശീയ അടിസ്ഥാന സൗകര്യവികസനമാണ് ലക്ഷ്യമിടുന്നത്.പദ്ധതി സമഗ്രമായ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് അടിത്തറയിടുകയും നമ്മുടെ സമ്പദ് വ്യവസ്ഥയിലേക്ക് ഒരു സംയോജിത പാത തുറക്കുമെന്നും പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പറഞ്ഞു.
നേട്ടങ്ങൾക്കായി ഒരുപാട് കാലം കാത്തിരിക്കാനാകില്ല. ലക്ഷ്യങ്ങളിലേക്ക് രാജ്യം വേഗത്തിൽ എത്തിച്ചേരണം. 4.5 കോടി കുടുംബങ്ങൾക്ക് 2 വർഷത്തിനുള്ളിൽ പൈപ്പ് വഴിയുള്ള ശുദ്ധജലം ഉറപ്പാക്കായി. രാജ്യത്തെ എല്ലാ പാവപ്പെട്ടവർക്കും സഹായം എത്തിക്കാൻ സാധിച്ചു. എല്ലാവർക്കും ഒരുപോലെ മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗ്രാമങ്ങളിൽ മികച്ച ചികിത്സ ഇപ്പോൾ ലഭിക്കുന്നു. ആശുപത്രികളിൽ ഓക്സിജൻ പ്ളാന്റുകളും സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. മെഡിക്കൽ പ്രവേശനത്തിൽ ഒബിസി സംവരണം ഉറപ്പാക്കിയിട്ടുണ്ട്. ഒബിസി ക്വാട്ട നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകുകയാണ്. വികസന യാത്രയിൽ എല്ലാവരെയും ഒരുപോലെ കാണുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















