തിരുവനന്തപുരം: 75ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എകെജി സെന്ററിൽ ദേശീയ പതാക ഉയർത്തി സിപിഎം. പാർട്ടി സെക്രട്ടറി വഎ വിജയരാഘവനാണ് പതാക ഉയർത്തിയത്. എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷ ദിനത്തിൽ ആർഎസ്എസ് നിലപാടുകൾക്കെതിരായ വിപുലമായ പ്രചാരണ പരിപാടികള്‍ നടത്താനാണ് സിപിഎം തീരുമാനം. ദേശീയതയുമായി ബന്ധപ്പെട്ട് ഉയരുന്ന വിമർശനങ്ങൾക്കുള്ള മറുപടി കൂടിയാണ് പാർട്ടി ഓഫിസുകളിൽ പതാക ഉയർത്തിയുള്ള സ്വാതന്ത്ര്യ ദിനാഘോഷം.
അതേസമയം സിപിഎമ്മിന്റെ സ്വാതന്ത്ര്യദിനാഘോഷത്തെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തിയിരുന്നു.പതാക ഉയർത്തലിന് ശേഷം വിജയരാഘവൻ കെപിസിസി അധ്യക്ഷൻ കെ സുധാകരന് മറുപടി നൽകുകയും ചെയ്തു. സ്വാതന്ത്ര്യ സമര ചരിത്രത്തെ കുറിച്ച് അറിവില്ലാത്തത് കൊണ്ടാണ് കെ.സുധാകരൻ കമ്യൂണിസ്റ്റുകളെ വിമർശിക്കുന്നതെന്നും പതാക ഉയർത്തി അവസാനിപ്പിക്കലല്ല ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളെന്നും അദ്ദേഹം പറഞ്ഞു.

















