തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാംദിവസവും അഞ്ച് ലക്ഷത്തിലേറെപ്പേര്‍ക്ക് കൊവിഡ് പ്രതിരോധ വാക്സിന്‍ നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് 5,08,849 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. ഇതില്‍ 4,39,860 പേര്‍ക്ക് ഒന്നാം ഡോസും 68,989 പേര്‍ക്ക് രണ്ടാം ഡോസുമാണു കിട്ടിയത്.
തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ അരലക്ഷത്തില്‍ കൂടുതല്‍ പേര്‍ക്ക് വാക്‌സീന്‍ കിട്ടി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന വാക്‌സിനേഷന്‍ 5 ലക്ഷത്തില്‍ കൂടുന്നത്.
കഴിഞ്ഞ ദിവസം 5.60 ലക്ഷം പേര്‍ക്കാണ് വാക്‌സീന്‍ നല്‍കിയത്. 60 വയസ്സിന് മുകളിലുള്ളവരുടെ ആദ്യ ഡോസ് വാക്‌സിനേഷന്‍ പുരോഗമിക്കുന്നു. ഇനിയാരെങ്കിലും ഈ വിഭാഗത്തില്‍ വാക്‌സിനെടുക്കാനുണ്ടെങ്കില്‍ എത്രയും വേഗം തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടേണ്ടതാണെന്ന് മന്ത്രി അഭ്യർഥിച്ചു.
സംസ്ഥാനത്തിന് 2,91,080 ഡോസ് കോവിഷീല്‍ഡ് കൂടി ലഭ്യമായി; തിരുവനന്തപുരം 98,560, എറണാകുളം 1,14,590, കോഴിക്കോട് 77,930.
1,478 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 359 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 1837 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,39,22,426 പേര്‍ക്കാണ് വാക്‌സീന്‍ നല്‍കിയത്. അതില്‍ 1,72,66,344 പേര്‍ക്ക് ഒന്നാം ഡോസും 66,56,082 പേര്‍ക്ക് രണ്ടാം ഡോസുമാണ്.

















