തിരുവനന്തപുരം: ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷം ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളിലൂടെ സംഘടിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും സംഘടനകളെയും വിശിഷ്ട വ്യക്തികളെയും തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിപുലമായ സംഘാടക സമിതി ഇതിനകം രൂപീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
കാലത്തിനനുസൃതമായ രീതിയില്‍ പുതിയ കേരളം സൃഷ്ടിക്കുന്നതിനായി ‘നവകേരള കര്‍മ്മപദ്ധതിക്കായി ജനകീയാസൂത്രണം’ എന്ന രണ്ടാം ഘട്ടം ആരംഭിച്ചിരിക്കുകയാണ്. ആഗസ്ത് 17 (ചിങ്ങം 1), ചൊവ്വാഴ്ച വൈകുന്നേരം 4.30ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ജനകീയായൂത്രണം രജതജൂബിലിയുടെ ഭാഗമായുള്ള ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കും. മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, മുന്‍ മുഖ്യമന്ത്രിമാര്‍, മുന്‍ മന്ത്രിമാര്‍ തുടങ്ങിയവരെല്ലാം ഈ ചടങ്ങില്‍ പങ്കെടുക്കും. തിരുവനന്തപുരത്ത് ഗോര്‍ക്കിഭവനിലുള്ള സി-ഡിറ്റ് സ്റ്റുഡിയോയിലാണ് ഉദ്ഘാടന ചടങ്ങ്.
സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷം ആഗസ്ത് 17ന് സംഘടിപ്പിക്കുന്നുണ്ട്. ഉച്ച തിരിഞ്ഞ് 2 മണിക്ക് അവിടങ്ങളില്‍ പരിപാടികള്‍ ആരംഭിക്കും. 1996 മുതല്‍ ഇതുവരെയുള്ള അധ്യക്ഷന്‍മാരെയും ജനപ്രതിനിധികളെയും ജനകീയാസൂത്രണത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച സന്നദ്ധപ്രവര്‍ത്തകരെയും ഉദ്യോഗസ്ഥരെയും എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആദരിക്കും. കഴിഞ്ഞ 25 വര്‍ഷത്തെ നേട്ടങ്ങളെക്കുറിച്ചുള്ള അവതരണവും ഉണ്ടാവും. വൈകുന്നേരം 4.15ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വേദികളില്‍ സജ്ജമാക്കിയ സ്‌ക്രീനുകളില്‍ സംസ്ഥാനതല ഉദ്ഘാടന പരിപാടികള്‍ തത്സമയം പ്രദര്‍ശിപ്പിക്കും.
സംസ്ഥാനതല ഉദ്ഘാടന വേദിയില്‍ വൈകുന്നേരം 4.15ന് ജനകീയാസൂത്രണത്തിന്റെ ആരംഭഘട്ടത്തില്‍ ജനതയെ ബോധവല്‍ക്കരിക്കാനായി സംഘടിപ്പിച്ച ജനാധികാര കലാജാഥയിലെ, അധികാരം ജനതയ്ക്ക് എന്ന സംഗീതശില്‍പ്പം പുനരാവിഷ്‌കരിക്കും. 1996ല്‍ രംഗാവതരണം നടത്തിയ അതേ കലാകാരന്‍മാരാണ് 25 വര്‍ഷത്തിന് ശേഷം കലാജാഥാവതരണം നടത്തുന്നത്. ഉദ്ഘാടന വേദിയില്‍ വെച്ച് ജനകീയാസൂത്രണത്തിനെക്കുറിച്ചുള്ള പുസ്തക പരമ്പരയിലെ ആദ്യ പുസ്തകം പ്രകാശനം ചെയ്യും.
ജനകീയാസൂത്രണത്തിന്റെ രജതജൂബിലിയോടനുബന്ധിച്ച് വരുന്ന ഒരു വര്‍ഷക്കാലം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വിപുലമായ പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്.
ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ സ്മാരകമെന്ന നിലയില്‍ മിയോവാക്കി മാതൃകയില്‍ ജനവനം പച്ചതുരുത്തുകള്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളിലും നിര്‍മ്മിക്കും. ജനവനങ്ങളുടെ സുസ്ഥിര പരിപാലനം പ്രാദേശിക സര്‍ക്കാരുകള്‍ ഉറപ്പുവരുത്തും.
രജത ജൂബിലി വേളയില്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ വയോജനങ്ങള്‍ക്ക് ഉല്ലാസവും മാനസീകാരോഗ്യവും ഉറപ്പുവരുത്താനായി വയോജന ക്ലബ്ബുകള്‍ രൂപീകരിക്കും. തദ്ദേശ സ്വയംഭരണ സംവിധാനവുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ച് ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും അവബോധമുണ്ടാക്കാന്‍ നിയമ സാക്ഷരതാ പരിപാടികള്‍ സംഘടിപ്പിക്കും. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തെ മുന്നേറ്റങ്ങള്‍ പ്രതിപാദിച്ചുകൊണ്ടുള്ള വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കും. രജതജൂബിലിയുടെ ഭാഗമായി ഗ്രാമ/വാര്‍ഡ് സഭകള്‍ നല്ല ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കും.
ജനകീയാസൂത്രണത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് 25 പുസ്തകങ്ങള്‍ ഇംഗ്ലീഷിലും മലയാളത്തിലുമായി പ്രസിദ്ധീകരിക്കും. അക്കാദമിക് സ്വഭാവമുള്ള ഗ്രന്ഥങ്ങളും ഇവയില്‍ ഉണ്ടാവും. കേന്ദ്ര-സംസ്ഥാന-പ്രാദേശിക സര്‍ക്കാര്‍ ബന്ധങ്ങളെ സംബന്ധിച്ച ദേശീയ സെമിനാറും സംഘടിപ്പിക്കുന്നുണ്ട്. രജതജൂബിലി ആഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് അധികാര വികേന്ദ്രീകരണവും തദ്ദേശ ഭരണവും സംബന്ധിച്ച അന്തര്‍ദേശീയ കോണ്‍ഗ്രസിന് കേരളം ആതിഥ്യമരുളും.
ജനകീയാസൂത്രണത്തെ അര്‍ത്ഥസമ്പുഷ്ടമാക്കി മാറ്റാന്‍ മാധ്യമങ്ങള്‍ നല്‍കിയ പിന്തുണ ഏറെ വലുതാണ്. രജതജൂബിലി വേളയില്‍ ഉത്തരവാദിത്ത മാധ്യമപ്രവര്‍ത്തനത്തിന്റെ പുതിയ തലങ്ങള്‍ ഉയര്‍ന്നുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. രജത ജൂബിലിയുടെ സംസ്ഥാനതല ഉദ്ഘാടനം വന്‍ വിജയമാക്കാന്‍ എല്ലാവരുടെയും സഹകരണം വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

















