കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയിലെ നാല് പ്രതികൾക്കും ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ആർ.ബി. ശ്രീകുമാർ, എസ്. വിജയൻ, തമ്പി. എസ്. ദുർഗാദത്ത്, എസ്. ജയപ്രകാശ് എന്നിവർക്കാണ് ജാമ്യം. പ്രതികളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.
സാക്ഷികളെ സ്വാധീനിക്കില്ലെന്നും അന്വേഷണവുമായി സഹകരിക്കതുമെന്നും പ്രതികൾ കോടതിയെ അറിയിച്ചിരുന്നു. ഇത് പരിഗണിച്ച കോടതി, കേസിനെ ഏതെങ്കിലും രീതിയിൽ ബാധിക്കുന്ന നിലയിൽ പെരുമാറരുതെന്നും പ്രതികളോട് നിർദ്ദേശിച്ചു.
രാജ്യ സുരക്ഷയെ ബാധിക്കുന്ന വിഷയമാണ് കേസിലുള്ളതെന്നും രാജ്യത്തിനെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു കോടതിയെ അറിയിച്ചിരുന്നു. ഗൂഢാലോചനയുടെ ഭാഗമായി ക്രയോജനിക് എന്‍ജിന്റെ വികസനം 20 വർഷത്തോളം തടസപ്പെട്ടതായും സിബിഐ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, സിബിഐ കേസിൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും, നമ്പി നാരായണനെ ചോദ്യം ചെയ്തിട്ടില്ലെന്നുമാണ് ആർ.ബി. ശ്രീകുമാർ അടക്കം കോടതിയെ അറിയിച്ചത്. പ്രായം കൂടി കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്നും പ്രതികൾ ആവശ്യപ്പെട്ടിരുന്നു.

















